| Monday, 10th December 2018, 3:21 pm

പിറവംപള്ളി വിധി നടപ്പിലാക്കാന്‍ പൊലീസെത്തി: പള്ളിക്കകത്ത് ആത്മഹത്യാ ഭീഷണിയുമായി യാക്കോബായ വിശ്വാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിറവം: ഓര്‍ത്തഡോക്‌സ് സഭക്ക് പിറവംപള്ളി വിട്ട് കൊടുക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനായി പൊലീസ് പള്ളിയിലെത്തി. നടപടിയില്‍ പ്രതിഷേധിച്ച് പള്ളിമേടയില്‍ കയറിയ യാക്കോബായ വിശ്വാസികള്‍ ആത്മഹത്യ ഭീഷണി മുഴക്കി.

കോടതിവിധി നടപ്പിലാക്കാന്‍ പള്ളിയില്‍ വന്‍ പൊലീസ് സന്നാഹം എത്തിയെങ്കിലും വിശ്വാസികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നത് പൊലീസിന് തടസ്സമായിരിക്കുകയാണ്.

പള്ളിക്കു പുറത്തും പ്രാര്‍ത്ഥനകളുമായി വന്‍ ആള്‍ക്കൂട്ടമാണ് എത്തിയിട്ടുള്ളത്. വിശ്വാസികളുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത ശേഷമാകും തുടര്‍ നടപടികള്‍.

Also Read:  തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ബി.ജെ.പിക്ക് തിരിച്ചടി; കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു

വലിയ പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാ നേതൃത്വങ്ങള്‍ സഹകരിക്കണമെന്ന് കലക്ടര്‍ മുഹമ്മദ് സഫിറുല്ല നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടു വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലായിരുന്നു കലക്ടറുടെ പ്രതികരണം. വിധി നടപ്പാക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 11ന് വിശദീകരണം നല്‍കണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

സുപ്രീം കോടതി വിധി വന്നിട്ട് 7 മാസത്തോളമായതായി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബാലിശമായ വാദങ്ങള്‍ നിരത്തി വിധി നടപ്പാക്കുന്നത് ഇനിയും വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. തങ്ങള്‍ സംഘര്‍ഷത്തിനില്ലെന്നും സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ വിശദമാക്കിയിരുന്നു.

അതേ സമയം സുപ്രീം കോടതി വിധിയില്‍ അധികാര കൈമാറ്റം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശമില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി. പൊലീസ് തിരക്കിട്ട് ബലപ്രയോഗത്തിലൂടെ തങ്ങളെ പുറത്താക്കുന്നതിനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് സഭാ സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ് പറഞ്ഞു.

ചിത്രം കടപ്പാട് : മാതൃഭൂമി ന്യൂസ്

Latest Stories

We use cookies to give you the best possible experience. Learn more