| Thursday, 13th September 2018, 12:05 pm

ജലന്ധര്‍ പീഡനം: കന്യാസ്ത്രീയ്ക്ക് സുരക്ഷ ഉറപ്പാക്കിയെന്ന് പൊലീസ് ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

അതേസമയം കന്യാസ്ത്രീയ്ക്ക് വേണ്ടത്ര സുരക്ഷ ഉറപ്പാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു. കുടാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പൊലീസിന്റെ നോട്ടീസ് പ്രകാരം ബുധനാഴ്ച അന്വേഷണ സംഘത്തിന് മുമ്പില്‍ താന്‍ ഹാജരാകുമെന്നാണ് ബിഷപ്പ് പറഞ്ഞത്.


ALSO READ: പൊതുസമൂഹം എണീറ്റുനിന്നു സംസാരിക്കണം, കോടതികള്‍ ഇടപെടണം; ഇല്ലെങ്കില്‍ പഴുതുകളെല്ലാം ഈ സര്‍ക്കാര്‍ അടയ്ക്കും


ഇതിനായി 19ന് മുമ്പ് തന്നെ ബിഷപ്പ് കേരളത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രാങ്കോ മുളയ്ക്കല്‍ 19 ന് ഹാജരാകണം. സി.ആര്‍.പി.സി 41അ പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്. മൊഴി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പാണിത്.

വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്ന് ഐ.ജി വിജയ് സാക്കറേ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പുരോഗതി വിലയിരുത്താനാണ് ഇന്ന് യോഗം ചേര്‍ന്നത്.

19 ന് ഹാജരാകുന്ന ബിഷപ്പിനെ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യുന്നത്. മൊഴികളിലെ വൈരുധ്യം തീര്‍ക്കാന്‍ വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും.

We use cookies to give you the best possible experience. Learn more