| Monday, 7th July 2025, 8:36 pm

കെനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്റോബി: കെനിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. നൂറുക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിനിടയിലേക്കാണ് പൊലീസ് വെടിയുതിര്‍ത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ അധികാരത്തിലേറിയ പ്രസിഡന്റ് വില്യം റൂട്ടോ രാജിവെക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു കെനിയയിലെ പ്രതിഷേധ മാര്‍ച്ച്.

അഴിമതി, പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരത, സര്‍ക്കാര്‍ വിമര്‍ശകരുടെ തുടര്‍ച്ചയായ തിരോധാനം എന്നിവക്കെതിരെയാണ് കെനിയയില്‍ പ്രതിഷേധം കടുക്കുന്നത്. കഴിഞ്ഞ മാസവും സമാനമായ പ്രതിഷേധത്തിന് രാജ്യം സാക്ഷിയായിരുന്നു.

എന്നാല്‍ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 19 ഓളം മരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2025 ജൂണില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ അധ്യാപകനും ബ്ലോഗറുമായ ആല്‍ബര്‍ട്ട് ഓജ് വാങ് മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കെനിയയില്‍ സര്‍ക്കാര്‍ വിരുദ്ധത ശക്തമായത്. ഇന്നലെ (ഞായര്‍) കെനിയന്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനം അധികൃതര്‍ തടസപ്പെടുത്തുകയും പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഓജ് വാങ്ങിന്റെ മരണം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. അല്‍ജസീറയുട റിപ്പോര്‍ട്ട് അനുസരിച്ച് ഓജ് വാങ്ങിന്റെ മരണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്താന്‍ പ്രോസിക്യൂട്ടര്‍മാര്‍ അംഗീകാരം നല്‍കി. എന്നാല്‍ തങ്ങള്‍ക്കെതിരായ കുറ്റം പ്രതികള്‍ നിഷേധിക്കുകയായിരുന്നു.

2024 ജൂണ്‍ മുതലാണ് കെനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും ശക്തമായത്. ഈ ഏറ്റുമുട്ടലുകളില്‍ 100ഓളം മരണങ്ങളാണ് രാജ്യത്തുണ്ടായത്. കൂടാതെ നിരവധി ആളുകളെ അന്യമായി തടങ്കലില്‍ വെച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വ്യാപകമായി സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് റൂട്ടോക്കെതിരായ ജനരോഷത്തെ ആളിക്കത്തിച്ചത്. പെട്ടെന്നുണ്ടായ നികുതി വര്‍ധനവ് ഉള്‍പ്പെടെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.

കെനിയന്‍ സര്‍ക്കാര്‍ വാര്‍ഷിക നികുതി വരുമാനത്തിന്റെ 60 ശതമാനവും കടം തീര്‍ക്കാനാണ് ഉപയോഗിക്കുന്നതെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Police open fire on anti-government protesters in Kenya

We use cookies to give you the best possible experience. Learn more