ബംഗളൂരു: ഡ്രൈ ഡേയില്‍ മദ്യം നല്‍കാതിരുന്നതിന് ബാര്‍ ജീവനക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. ഹോളി ആഘോഷത്തിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചിരുന്നു.
ആ ദിവസം കൈക്കൂലിയായി മദ്യം നല്‍കണമെന്ന് പൊലീസുദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡ്രൈ ഡേ ആയതിനാല്‍ മദ്യം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ബാര്‍ ജീവനക്കാരെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു.
തൊഴിലാളികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബാറിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൊഴിലാളികളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബാറുടമ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതേതുടര്‍ന്നാണ് ഇയാള്‍ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയ പൊലീസുകാര്‍ ബാറില്‍ നിന്നും മദ്യക്കുപ്പികളും പണവും എടുത്തു കൊണ്ട് പോയതായും ബാറുടമ പറയുന്നു.
അതേസമയം, ഡ്രൈഡേയിലും ബാര്‍ പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്തതാണെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്.