| Sunday, 27th September 2026, 10:30 pm

‘വൺ’ സിനിമയുടെ സെറ്റിൽ മീശ ഒന്നുമില്ലാത്ത ഒരു കുട്ടിയായിരുന്നു, യൂണിഫോമിട്ട് നിന്നപ്പോൾ ശരിക്കും ഒരു പൊലീസാണെന്ന് തോന്നി; മുഹമ്മദ് ഷെബിൻ

അജ്മല്‍ കെ

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ നടനാണ് മാത്യു തോമസ്. ശ്രീനാഥ് അയ്യപ്പൻ എന്ന പൊലീസ് ഡ്രൈവറായാണ് മാത്യു ചിത്രത്തിലെത്തുന്നത്. മാത്യുവിന്റെ പൊലീസ് വേഷത്തെക്കുറിച്ചുള്ള അനുഭവം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് നടനും പൊലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് ഷെബിൻ.

2020ൽ ‘വൺ’ സിനിമയുടെ സെറ്റിൽ വെച്ചാണ് മാത്യുവിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് മുഹമ്മദ് ഷെബിൻ പറഞ്ഞു. അന്ന് മീശ പോലുമില്ലാത്ത ചെറിയ കുട്ടിയായിരുന്ന മാത്യുവിനെ വർഷങ്ങൾക്ക് ശേഷം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ സെറ്റിൽ പൊലീസ് വേഷത്തിൽ കണ്ടപ്പോഴുണ്ടായ മാറ്റവും അദ്ദേഹം പങ്കുവെച്ചു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

‘മാത്യുവിനെ 2020ൽ ഒരു സെറ്റിൽ വെച്ച് എനിക്ക് പരിചയമുണ്ട്. അന്ന് ‘വൺ’ സിനിമയുടെ സെറ്റിൽ മീശ ഒന്നുമില്ലാത്ത ഒരു ചെറിയ കുട്ടിയായിരുന്നു. മാത്യുവിന്റെ കാറ്റഗറി ടെക്നിക്കൽ കാറ്റഗറിയാണ്, ആള് പൊലീസ് ഡ്രൈവറാണ്. യൂണിഫോം ഇട്ട് വന്നപ്പോൾ ശരിക്കും എല്ലാം തികഞ്ഞ ട്രെയിനിങ് കഴിഞ്ഞ ഒരു പോലീസുകാരൻ എന്നുള്ള അതേ ആറ്റിറ്റ്യൂഡിൽ ആയിരുന്നു,’ മുഹമ്മദ് ഷെബിൻ പറഞ്ഞു.

മാത്യു യൂണിഫോമിൽ ജീപ്പിന്റെ മുന്നിൽ നിൽക്കുന്ന രീതിയിലും ഒരു യഥാർഥ പൊലീസ് ഡ്രൈവറുടെ ഭാവം തനിക്ക് തോന്നിയെന്നും ഷെബിൻ പറയുന്നു. ഷൂട്ടിങ്ങിലെ ഒരു രംഗത്തിന് മുമ്പായിരുന്നു ഈ അനുഭവമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജീപ്പിന്റെ ഫ്രണ്ടിൽ കയ്യൊക്കെ പിടിച്ച് ഇങ്ങനെ നിന്നപ്പോൾ ഞാൻ പറഞ്ഞു, ശരിക്കും നിങ്ങൾ ഒരു പൊലീസ് ഡ്രൈവർ ആയിട്ടുണ്ടെന്ന്,’ ഷെബിൻ പറഞ്ഞു.

മാത്യുവിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന മറ്റൊരു അനുഭവവും സിനിമയുടെ പൂജയ്ക്കിടെ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന മറ്റ് ചില പൊലീസുകാരോട് മാത്യു തന്റെ കഥാപാത്രത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നുവെന്നും, അവരുടെ പ്രതികരണം ലഭിച്ചതിന് ശേഷമാണ് നടന് കൂടുതൽ ആത്മവിശ്വാസം വന്നതെന്നും ഷെബിൻ കൂട്ടിച്ചേർത്തു.

‘പിന്നെ ഒന്നുരണ്ട് പൊലീസുകാർ സിനിമയുടെ പൂജ സമയത്ത് അവിടെ ഉണ്ടായിരുന്നു. ഷോട്ടിലേക്ക് വരുന്നതിന് മുമ്പ് മാത്യു അവരോടൊക്കെ ചോദിച്ചു, എങ്ങനെയുണ്ട് എന്ന്. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, ‘ഇപ്പോഴാണ് ഏട്ടാ എനിക്ക് നല്ലൊരു ധൈര്യം വന്നത് എന്ന്,’ മുഹമ്മദ് ഷെബിൻ വ്യക്തമാക്കി.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. Facebook.com

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സിനിമയിൽ പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, സിദ്ധാർഥ് ഭരതൻ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിനൊപ്പം അവരുടെ വ്യക്തിജീവിതവും അന്വേഷണത്തിന്റെ വിവിധ തലങ്ങളും പ്രമേയമാകുന്നുണ്ട്. ചിത്രം 50 കോടിയിലധികം കളക്ഷൻ നേടി മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Content Highlight: Police officer Muhammed Shebin speaks about Mathew Thomas’ police role

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more