ജമ്മു കശ്മീര്‍ ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ യുവ ക്രിക്കറ്റ് താരം ഫലസ്തീന്‍ പതാക പതിച്ച ഹെല്‍മറ്റ് ധരിച്ചതില്‍ അന്വേഷണം പ്രഖാപിച്ച് ജമ്മു പൊലീസ്. ജെ.കെ 11 കിങ്സും ജമ്മു ട്രെയില്‍ബ്ലേസേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.
ഫുര്‍ഖാന്‍ ഭട്ട് എന്ന താരമായിരുന്നു പലസ്തീന്‍ പതാക പതിച്ച ഹെല്‍മെറ്റ് ധരിച്ച് ബാറ്റിങ്ങിനിറങ്ങിയത്. താരം ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
ക്രിക്കറ്റ് താരത്തിന് പുറമെ ടൂര്‍ണമെന്റ് സംഘാടകനായ സാഹിദ് ഭട്ടിനേയും ജമ്മു കശ്മീര്‍ പൊലീസ് ചോദ്യം ചെയ്യലിന് വേണ്ടി ദൊമാന സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള അടിസ്ഥാന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പൊലീസ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ പ്രാദേശികമായി നടത്തുന്ന ക്രിക്കറ്റ് ലീഗിന് ജമ്മു കശ്മീര്‍ ക്രിക്കറ്റുമായി ബന്ധമില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു.
‘ജമ്മുവിലെ ഒരു സ്വകാര്യ ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തിനിടെ ഹെല്‍മെറ്റില്‍ ഫലസ്തീന്‍ പതാക പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഒരു ക്രിക്കറ്റ് കളിക്കാരനെയും ടൂര്‍ണമെന്റിന്റെ സംഘാടകനെയും ജമ്മു കശ്മീര്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വസ്തുതകള്‍ പരിശോധിച്ച് അന്വേഷണം നടത്തും,’ മുതിര്‍ന്ന പൊലീസ് ഔദ്യോഗസ്ഥന്‍ പറഞ്ഞു.
ഏതെങ്കിലും അനുമതി ലഭിച്ചതിനെ തുടര്‍ന്നാണോ ഫലസ്തീന്‍ പതാക താരം പ്രദര്‍ശിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കും. നിലവില്‍ ക്രിക്കറ്റ് താരത്തിനെതിരേയും സംഘാടകനെതിരേയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സംഭവം സെന്‍സിറ്റീവായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ടെന്നും ജാഗ്രതയോടെ തുടര്‍ നടപടികളെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Content Highlight: Police investigate Jammu and Kashmir cricketer for wearing helmet with Palestinian flag