| Saturday, 20th December 2025, 2:34 pm

അനധികൃത കുടിയേറ്റം ആരോപിച്ച് മുസാഫർനഗർ കലാപബാധിതരെ പുനരധിവസിപ്പിച്ച നാഹിദ് കോളനിയിൽ പൊലീസ് പരിശോധന

രാഗേന്ദു. പി.ആര്‍

ലഖ്നൗ: മുസാഫര്‍നഗര്‍ കലാപം ബാധിച്ച കുടുബങ്ങളെ പുനരധിവസിപ്പിച്ച നാഹിദ് കോളനിയില്‍ യു.പി പൊലീസിന്റെ പരിശോധന. അനധികൃതമായി കുടിയേറിയവരെ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്.

വീടുവീടാന്തരം കയറി ഇറങ്ങിയായിരുന്നു പരിശോധന. കൈരാന പട്ടണത്തിലെ അനധികൃത കുടിയയേറ്റക്കാരെ തിരിച്ചറിയുന്നതിന്റെ ഭാഗമായ പരിശോധനയാണ് നാഹിദില്‍ നടന്നത്.

താമസക്കാരുടെ മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡുകള്‍, കുടുംബ പശ്ചാത്തലം അടക്കമാണ് പൊലീസ് പരിശോധിച്ചത്. സംസ്ഥാനത്ത് ബംഗ്ലാദേശ് പൗരന്മാരോ റോഹിങ്ക്യന്മാരോ കുടിയേറിയിട്ടുണ്ടോയെന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തിയതെന്ന് കൈരാന സര്‍ക്കിള്‍ ഓഫീസര്‍ ഹേമന്ത് കുമാര്‍ പറഞ്ഞു.

മുസാഫര്‍നഗര്‍ ജില്ലയിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ജില്ലയിലെ വ്യാവസായിക മേഖലകളും സ്റ്റീല്‍ ഫാക്ടറികളും പേപ്പര്‍ മില്ലുകളും കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്.

തൊഴിലാളികളുടെ രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ സിദ്ധാര്‍ഥ് മിശ്രയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധനയിൽ അനധികൃത കുടിയേറ്റത്തിന് തെളിവുകൾ ഒന്നും കണ്ടെത്താനായിട്ടില്ല.

യു.പിയിലെ മുസാഫര്‍നഗറില്‍ 2013ല്‍ ഉണ്ടായ കലാപത്തില്‍ അറുപതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 40,000 പേരെ കാണാതാവുകയും ചെയ്തിരുന്നു.

ഈ കലാപത്തിനിരയായ 300 ഓളം കുടുംബങ്ങളെ നാഹിദ് കോളനിയിലാണ് പുനരധിവസിപ്പിച്ചത്. ലങ്ക്, ബഹാവ്ഡി, ഫുഗാന തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെ നാഹിദിലേക്ക് മാറ്റുകയായിരുന്നു.

മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 80ഓളം കേസുകള്‍ പിന്‍വലിക്കാന്‍ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ബി.ജെ.പി നേതാക്കളായ സംഗീത് സോം, സഞ്ജീവ് കുമാര്‍ ബല്യാണ്‍, സുരേഷ് റാണ, ഭാരതേന്ദു സിങ്,  സാധ്വി പ്രാചി എന്നിവര്‍ക്കെതിരെയും കേസുകളുണ്ടായിരുന്നു.

വിവരാകാശ നിയമമനനുസരിച്ച് ലഭ്യമായ വിവരങ്ങള്‍ പ്രകാരം മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 510 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 19 കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ 165 കേസുകളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.

Content Highlight: Police inspect Nahid Colony, where Muzaffarnagar riot victims were rehabilitated

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more