[]കോഴിക്കോട്: ടി.പി വധക്കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതായി കേസില്‍ കോടതി വെറുതെ വിട്ട സി.പി.ഐ.എം നേതാവ് പി. മോഹനന്‍ മാസ്റ്റര്‍.
തന്നെ അറസ്റ്റ ചെയ്തത് സിനിമാ സ്റ്റൈലിലായിരുന്നുവെന്നും 12 ദിവസം ക്യാമ്പില്‍ തനിക്ക് കടുത്ത മാനസിക പീഡനമേല്‍ക്കേണ്ടി വന്നിരുന്നുവെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
ടി.പി വധക്കേസിന്റെ ഗൂഢാലോചന നടത്തിയത് കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണെന്ന് സ്ഥാപിയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. വെള്ള പേപ്പറില്‍ ഒപ്പു വയ്ക്കാന്‍ ഏറെ നിര്‍ബന്ധിച്ചു.
പിണറായിയ്‌ക്കെതിരെയും എളമരം കരീമിനെതിരെയും മൊഴി നല്‍കാനും നിര്‍ബന്ധിച്ചു. ഇവര്‍ക്കെതിരെ മൊഴി നല്‍കുകയാണെങ്കില്‍ കേസ് ലഘുവാക്കാമെന്നും വാഗ്ദാനം നല്‍കി. കസ്റ്റഡിയിലായിരുന്ന 12 ദിവസം 12 വര്‍ഷങ്ങള്‍ പോലെയാണ് തോന്നിയത്.- മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
ടി.പി വധക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ കുറ്റമായിരുന്നു മോഹനനെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ കുറ്റം തെളിയിയ്ക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ കോടതി മോഹനനെ വെറുതെ വിടുകയായിരുന്നു.
കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
എന്നാല്‍ ഗൂഢാലോചനാ കുറ്റം സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരിയ്ക്കുകയാണ്.