| Tuesday, 12th February 2013, 9:19 am

ധര്‍മരാജനെ പിടികൂടാന്‍ പ്രത്യേകസംഘം മൈസൂരിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി ധര്‍മ്മരാജനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് മൈസൂരിലേക്ക് തിരിക്കും. []

സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ധര്‍മരാജന്‍ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. കഴിഞ്ഞ 7 വര്‍ഷമായി ധര്‍മരാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് കോടതിയില്‍ അറിയിച്ചത്.

ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇന്നലെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി സി.രാജഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചത്. സൂര്യനെല്ലി പീഡനത്തില്‍ പി.ജെ കുര്യന് പങ്കുണ്ടെന്ന് വ്യക്തമാക്കി ധര്‍മ്മരാജന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.

ഇന്നലെയാണ് പി.ജെ കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി മാതൃഭൂമി ന്യൂസ് ചാനലില്‍ ധര്‍മരാജന്‍ വന്നത്.  ഇതോടെ ധര്‍മരാജനെ പിടികൂടാന്‍ ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചു. കോട്ടയം എസ്.പിക്കാണ് ചുമതല. പൊന്‍കുന്നം സി.ഐ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടാകും.

മൈസൂരിന് സമീപമുള്ള തേയിലത്തോട്ടത്തിലാണ് ധര്‍മരാജന്‍ എന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണ സംഘം കര്‍ണാടകയിലേക്ക് പുറപ്പെട്ടു. കോടതിയില്‍ കീഴടങ്ങുന്നതിനു മുന്‍പ് ധര്‍മരാജനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

തമിഴ്‌നാട്ടില്‍ ധര്‍മരാജനെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചതായും അറിയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more