| Friday, 10th April 2026, 4:07 pm

കേരളത്തിലെ വിവാഹത്തിന് സമര്‍പ്പിച്ചത് വ്യാജ രേഖകള്‍; കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല; പോക്‌സോ കേസ്

അനിത സി

ഭോപ്പാല്‍: കുഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് വിവാഹ സമയത്ത് 16 വയസ് മാത്രമായിരുന്നു പ്രായമെന്ന് ചൂണ്ടിക്കാണിച്ച് ഭര്‍ത്താവ് ഫര്‍മന്‍ ഖാനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു.

മധ്യപ്രദേശിലെ ഖാര്‍ദോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്‌റ്റേഷനിലാണ് ഫര്‍മനെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി പര്‍ധി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ ഭാരതീയ ന്യായ സംഹിതയിലെയും എസ്.സി, എസ്.ടി ആക്ടിലെയും വകുപ്പുകള്‍ പ്രകാരവും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ അന്തര്‍ സിങ് ആര്യയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിക്ക് നിലവില്‍ 16 വയസായിട്ടുള്ളൂവെന്ന് കണ്ടെത്തി.

2009 ഡിസംബര്‍ 30നാണ് മഹേശ്വറിലെ ഒരു ആശുപത്രിയില്‍ പെണ്‍കുട്ടി ജനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

അഭിഭാഷകന്‍ പ്രതം ദുബെയാണ് വിവാഹസമയത്തെ പെണ്‍കുട്ടിയുടെ പ്രായത്തെ ചോദ്യം ചെയ്ത് പൊലീസിനെ സമീപിച്ചത്. ഇയാള്‍ ലവ് ജിഹാദ് ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. സി.പി.ഐ.എം നേതാക്കളും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളുമാണ് വിവാഹം നടത്തിയതെന്നായിരുന്നു അഭിഭാഷകന്റെ പ്രധാന ആരോപണം.

വിവാഹസമയത്ത് ഹാജരാക്കിയ രേഖകളില്‍ പെണ്‍കുട്ടിയുടെ ജനന തീയതിയായി 2008 ജനുവരി ഒന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡാണ് രേഖയായി സമര്‍പ്പിച്ചിരുന്നത്. പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനും ഈ രേഖ സമര്‍പ്പിച്ചിരുന്നു.

വ്യാജരേഖകളാണെന്ന് തെളിഞ്ഞതോടെ ഇത് റദ്ദാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 22 ന് മധ്യപ്രദേശിലെയും കേരളത്തിലെയും ഡി.ജി.പിമാരോട് കമ്മീഷന് മുന്‍പാകെ ഹാജരാകാനും നിര്‍ദേശമുണ്ട്.

വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ ജന്മനാടായ മധ്യപ്രദേശില്‍ നിന്നും പെണ്‍കുട്ടിയും ഫര്‍മനും കേരളത്തിലെത്തിയാണ് വിവാഹിതരായത്.

സിനിമാ ഷൂട്ടിങിനായി കേരളത്തിലെത്തിയ പെണ്‍കുട്ടിയും ഫര്‍മനും 2026 മാര്‍ച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയായിരുന്നു.

ഉത്തരേന്ത്യയില്‍ നിന്നും മതേതര കേരളത്തിന്റെ സഹായം തേടിയെത്തി വിവാഹിതരായ പ്രണയിതാക്കളെന്ന തലക്കെട്ടില്‍ വിവാഹ വാര്‍ത്ത സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായിരുന്നു.

വിവാഹത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി തുടങ്ങിയവര്‍ ആശംസ അറിയിക്കാനെത്തിയിരുന്നു.

Content Highlight: The girl was only 16, Police have registered a POCSO case against Kumbh Mela Viral Girl’s  husband, Farman Khan

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more