| Friday, 28th November 2025, 7:36 am

പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിച്ചേക്കാം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. വലിയമല പൊലീസാണ് കേസെടുത്തിരിക്കുന്നത്. ശേഷം നേമം പൊലീസിന് കേസ് കൈമാറി. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വധഭീഷണി തുടങ്ങിയ ആരോപണങ്ങളായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. നിലവില്‍ ഗര്‍ഭഛിദ്രത്തിനാണ് പ്രധാനമായും കേസെടുത്തത്.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. വാട്‌സ്ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളടക്കം കൈമാറിയാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് പരാതി കൈമാറി. രാത്രിയോടെ പൊലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി യുവതിയുടെ രഹസ്യമൊഴി എടുക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവുമായി രാഹുല്‍ ഇതിനോടകം ചര്‍ച്ച ചെയ്തിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികചൂഷണം നടത്തുകയും, പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളത്.

തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

യുവതിക്കും ഗര്‍ഭസ്ഥശിശുവിനും നേരെ മാങ്കൂട്ടത്തില്‍ കൊലവിളി നടത്തുന്നതിന്റെയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിന്റെ വാട്സ്ആപ്പ് ചാറ്റുകളും ശബ്ദരേഖകളും നേരത്തെ പുറത്തുവന്നിരുന്നു.

ഈ ശബ്ദരേഖയുടെയും ചാറ്റുകളുടെയും അടിസ്ഥാനത്തില്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പരാതിക്ക് പിന്നാലെ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യമുണ്ടെന്നും സത്യം മാത്രമേ ജയിക്കൂ എന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

Content Highlight: Police have registered a case against Rahul Mamkootatil under the non-bailable section.

We use cookies to give you the best possible experience. Learn more