ഇടുക്കി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും സി.സി.ടി.വിയും കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി വരികയാണ്.
അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഷാജന്‍ സ്‌കറിയ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയില്‍ വെച്ചാണ് ഷാജന് സ്‌കറിയയ്ക്ക് മര്‍ദനമേറ്റത്.
ഥാര്‍ ജീപ്പിലെത്തിയ സംഘം ഷാജന്‍ സ്‌കറിയയുടെ കാറിലേക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ ചില്ലുള്‍പ്പടെ തകര്‍ത്തായിരുന്നു മര്‍ദനം.
വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. വാര്‍ത്ത നല്‍കിയതിലെ എതിര്‍പ്പാണ് മര്‍ദനത്തിന് കാരണമെന്നാണ് നിഗമനം.
മര്‍ദനത്തില്‍ പരിക്കേറ്റ ഷാജന്‍ സ്‌കറിയയെ പൊലീസായിരുന്നു ഇന്നലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.
Content Highlight: Police have registered a case against Marunadan Malayalam channel owner Shajan Skaria for assault