| Tuesday, 21st July 2026, 7:28 pm

മോദി സര്‍ക്കാരിന്റെ പൊലീസ് നരനായാട്ട് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് നേര്‍ക്കും; രാഹുല്‍ അടക്കമുള്ളവരെ തെരുവിലൂടെ വലിച്ചിഴച്ചു

റെന്വര്‍ പി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേര്‍ക്ക് പൊലീസ് അതിക്രമം. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തെരുവിലൂടെ വലിച്ചിഴച്ചു.

സമരത്തിനെത്തിച്ചേര്‍ന്ന അഖിലേഷ് യാദവ് അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് നേര്‍ക്കും പൊലീസിന്റെ ബലപ്രയോഗമുണ്ടായി. അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ബലപ്രയോഗത്തിനിടെ രാഹുല്‍ ഗാന്ധി നിലത്ത് വീഴുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ബലപ്രയോഗം നടത്തിയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ക്ക് നേര്‍ക്കും പൊലീസിന്റെ ബലപ്രയോഗമുണ്ടായി. കെ.സി വേണുഗോപാലിനെയും പൊലീസ് വലിച്ചിഴച്ചു.

പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നില്‍ പൊലീസ് മൊബൈല്‍ ഫോണ്‍ ജാമറുകള്‍ സ്ഥാപിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവ സ്ഥലത്തെത്തിയ പൊലീസുകാരില്‍ പലര്‍ക്കും നെയിം പ്ലേറ്റില്ലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്കും പൊലീസിന്റെ കൈയേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസ് നടപടിയെ നരനായാട്ടാണെന്നാണ് സമരത്തില്‍ പങ്കെടുത്ത രാജ് മോഹന്‍ ഉണ്ണിത്താന്‍ വിശേഷിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയെ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയി. രാഹുല്‍ ഗാന്ധിയോടും ഇതേ സമീപനമായിരുന്നുവെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുമാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. പിന്നീട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളും സമരത്തിനെത്തിച്ചേരുകയായിരുന്നു.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസിന്റെ എം.പിമാരും മുഖ്യമന്ത്രിമാരായ ഡി.കെ ശിവകുമാര്‍, വിഡി സതീശന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളും സമരത്തില്‍ പങ്കാളികളായിരുന്നു.

പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ചര്‍ച്ച നടത്തിയിരുന്നു. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ജിതേന്ദ്ര സിങ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുകയായിരുന്നു.

Content Highlight: Police Forcefully Detained Senior Opposition Leaders Including Rahul Gandhi From Protest on NEET Issue

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more