| Wednesday, 16th September 2026, 9:30 am

'പൊലീസ് ന്യൂസ്‌ഡെസ്കിൽ കയറുന്നത് അടിയന്തരാവസ്ഥയുടെ ഓർമപ്പെടുത്തൽ; എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിന് മേൽ ചങ്ങല വീഴുന്നു': റിപ്പോർട്ടർ ടി.വിയിലെ പൊലീസ് നടപടിയിൽ അനുപമ വെങ്കിടേശ്വരൻ

ശ്രീലക്ഷ്മി പി.പി

കൊച്ചി: റിപ്പോർട്ടർ ടി.വി ന്യൂസ് ഡെസ്കിൽ പൊലീസ് കയറി മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചുവെച്ച് പരിശോധന നടത്തിയ സംഭവം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്നും ജനാധിപത്യത്തിന് അതീവ അപകടകരമാണെന്നും മുതിർന്ന ദൃശ്യ മാധ്യമ പ്രവർത്തക അനുപമ വെങ്കിടേശ്വരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ശക്തമായ നിലപാട് വ്യക്തമാക്കിയത്.

ഒരു മാധ്യമ സ്ഥാപനത്തിന്റെ ന്യൂസ് ഡെസ്കിലേക്ക് പൊലീസ് കയറുന്ന നിമിഷം എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിന് മേൽ ചങ്ങല വീഴുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. അതോടെ അത് കേവലം ഒരു മാധ്യമ സ്ഥാപനത്തിന്റെ മാത്രം വിഷയമല്ലാതായി മാറുകയും ജനാധിപത്യത്തിന്റെ തന്നെ പ്രശ്നമായി മാറുകയും ചെയ്യുന്നു. ഒരു കാരണവശാലും നിസാരമായി കാണാവുന്ന ഒന്നല്ല ഈ പൊലീസ് നടപടി. അന്വേഷിക്കേണ്ട കേസുകൾ ഉണ്ടെങ്കിൽ പൊലീസിന് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാം. എന്നാൽ പൊലീസിന് ഇഷ്ടംപോലെ കയറി പരിശോധന നടത്താനും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനും കഴിയുന്ന ഇടമല്ല ന്യൂസ് റൂമുകളെന്നും അവർ വ്യക്തമാക്കി.

ഒരു മാധ്യമ സ്ഥാപനത്തോടോ അവരുടെ എഡിറ്റോറിയൽ നിലപാടുകളോടോ പൊതുസമൂഹത്തിന് എത്ര വിയോജിപ്പുണ്ടായാലും മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിരുകൾ പൊലീസ് നിശ്ചയിക്കാൻ തുടങ്ങുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഒരു ദിവസം രാവിലെ സെൻസർഷിപ്പ് ഓർഡർ ഇറങ്ങിയതുകൊണ്ട് മാത്രം ഉണ്ടായ ഒന്നല്ല അടിയന്തരാവസ്ഥയെന്ന് അവർ ഓർമ്മിപ്പിച്ചു.

ന്യൂസ് റൂമുകളിലേക്ക് കടന്നുകയറുകയും, പ്രസുകൾ റെയ്ഡ് ചെയ്യുകയും, പത്രങ്ങൾ പിടിച്ചെടുക്കുകയും, വൈദ്യുതി വിച്ഛേദിക്കുകയും, മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്താണ് അന്ന് സെൻസർഷിപ്പ് സാധാരണവൽക്കരിച്ചത്. അതുകൊണ്ടുതന്നെ റിപ്പോർട്ടർ ടി.വി ഡെസ്കിലെ പൊലീസ് കടന്നുകയറ്റത്തെ സാധാരണ നടപടിയായി കണ്ട് തള്ളിക്കളയാൻ കഴിയില്ലെന്നും, പഴയ അടിച്ചമർത്തൽ രീതികൾ തിരിച്ചുവരുമ്പോൾ തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണമെന്നും അവർ കുറിച്ചു.

വിഷയത്തിൽ ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഇതാണോ ഇനി കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അനുപമ വെങ്കിടേശ്വരൻ ആവശ്യപ്പെട്ടു.

Content Highlight:Police entering a news desk is a reminder of the Emergency; editorial freedom is being shackled”: Anupama Venkiteshwaran on the police action at Reporter TV

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more