തിരുവനന്തപുരം: എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കി പൊലീസ്. സമര സമിതി നേതാവ് വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതിവേഗത്തിലാണ് വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയതും സമരപ്പന്തലും ഫ്‌ളെക്‌സ് ബോര്‍ഡുകളുമടക്കം പൊളിച്ചുനീക്കിയതും. സമരം ആരംഭിച്ച് 129ാം ദിവസമാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചത്.
സമരം നടത്താന്‍ സാധിക്കില്ലെന്നും രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. പത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ മ്യൂസിയം ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം മിന്നല്‍ വേഗത്തിലെത്തുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയുമായിരുന്നു.
ഇതിനിടെ സമരം തുടരുമെന്ന് എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. വളര്‍മതിക്ക് പകരം മറ്റൊരു ഉദ്യോഗാര്‍ത്ഥി നിരാഹാരം ആരംഭിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. കൊന്നാലും സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. സമര സമിതിക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുന്നത് തടഞ്ഞ രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Content Highlight: Police dismantled the protest tent of LPST candidates