| Tuesday, 11th August 2026, 7:17 am

ജാര്‍ഖണ്ഡില്‍ പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം; ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബി.ജെ.പി

ആദർശ് എം.കെ.

റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ.പി.എസ്.സി), സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ജെ.എസ്.എസ്.സി) പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ ശക്തമായ ലാത്തിച്ചാര്‍ജ്ജിലും ജലപീരങ്കി പ്രയോഗത്തിലും പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് (ഓഗസ്റ്റ് 11) ജാര്‍ഖണ്ഡില്‍ സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്തു.

കഴിഞ്ഞ 17 ദിവസമായി തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരം, തിങ്കളാഴ്ച സംഘടിപ്പിച്ച ‘വിധാന്‍ സഭ ഗേരാവോ’ (നിയമസഭാ മാര്‍ച്ച്) പ്രക്ഷോഭത്തോടെയാണ് ക്രമസമാധാന പ്രശ്‌നത്തിലേക്ക് വഴിമാറിയത്.

റാഞ്ചിയിലെ പുതിയ നിയമസഭാ സമുച്ചയത്തിലേക്ക് മാര്‍ച്ച് നടത്തിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. തുടര്‍ന്ന് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു.

ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ പോലീസ് നടപടിയെ ‘ഏകാധിപത്യപരം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആദിത്യ സാഹുവും പ്രതിപക്ഷ നേതാവ് ബാബുലാല്‍ മറാണ്ടിയും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ബന്ദ് പ്രഖ്യാപിച്ചത്.

രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന ബന്ദില്‍ അടിയന്തര സേവനങ്ങളെയും തീര്‍ത്ഥാടകരെയും (കന്‍വാര്‍) ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നടന്ന എല്ലാ റിക്രൂട്ട്‌മെന്റ് പരീക്ഷകളെക്കുറിച്ചും, പ്രത്യേകിച്ച് ജെ.പി.എസ്.സി, ജെ.എസ്.എസ്.സി-സി.ജി.എല്‍ പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം.

പരീക്ഷാ തിരിമറികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മുന്‍ ജെ.പി.എസ്.സി ചെയര്‍മാന്‍ എല്‍. ഖിയാങ്‌തെയെ സംസ്ഥാന സി.ഐ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം, പ്രതിഷേധങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വ്യക്തമാക്കി.

Content Highlight: Police crack down on students protesting against exam irregularities in Jharkhand; BJP calls for a hartal.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more