| Thursday, 19th November 2026, 3:02 pm

സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് ഒത്ത് കളിച്ചു: തന്റെ കാറിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുട്ടയേറ് നടത്തിയതായി മഹുവ മൊയ്ത്ര

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ തന്റെ വാഹനവ്യൂഹത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലും മുട്ടയും എറിഞ്ഞതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. കൊല്‍ക്കത്താ ഹൈക്കോടതിയുടെ സുരക്ഷാ ഉത്തരവ് ഉണ്ടായിരുന്നിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും പ്രതിഷേധക്കാരുമായി ഒത്തുകളിച്ചെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

ഏകദേശം 80-90 ഓളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ തന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലും മുട്ടയും എറിഞ്ഞതായും, തന്റെ കാര്‍ ഉയര്‍ത്തി മാറ്റാന്‍ ശ്രമിച്ചതായും മഹുവ മൊയ്ത്ര പറഞ്ഞു. എക്‌സിലൂടെയായിരുന്നു എം.പിയുടെ പ്രതികരണം.

പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.
ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം മുന്‍കൂട്ടി നല്‍കിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

തനിക്ക് സുരക്ഷ നല്‍കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഈ വീഴ്ച സംഭവിച്ചതെന്ന് മഹുവ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട്, ഇത് വ്യക്തമായ കോടതി അലക്ഷ്യമാണെന്നും അവര്‍ കുറിച്ചു.

മുമ്പും മണ്ഡലത്തിലെ സന്ദര്‍ശന വേളകളില്‍ തനിക്ക് നേരെ സമാനമായ രീതിയില്‍ മുട്ടയേറും പ്രതിഷേധങ്ങളും ഉണ്ടായതായി മഹുവ മൊയ്ത്ര പരാതിപ്പെട്ടിരുന്നു.
നിലവില്‍ ഈ ആരോപണങ്ങളോട് പശ്ചിമ ബംഗാള്‍ പൊലീസോ ബി.ജെ.പി നേതൃത്വമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlight: Police colluded despite a court order for protection: Mahua Moitra alleges BJP workers threw eggs at her car.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more