| Tuesday, 18th January 2022, 4:33 pm

ഭാഷാ പ്രയോഗം കലാസൃഷ്ടിക്ക് ഉതകുന്നത്; 'ചുരുളി'ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതുമാണെന്ന് വിലയിരുത്തിയാണ് ചിത്രത്തിന് ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുന്നത്. ഒ.ടി.ടി പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല.

ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥയാണ്. പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് പ്രത്യേക സംഘം അറിയിച്ചു.

സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒ.ടി.ടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ നടപടി.

സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.

സിനിമക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാനായിരുന്നു ഹൈക്കോടതി എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. എസ്.പിമാരായ ദിവ്യ ഗോപിനാഥ്, എ. നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു. കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കിയാകും ‘ചുരുളി’ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് എഡിജിപി പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ ഹരജിയില്‍ സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.

സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഒ.ടി.ടി യില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് ‘ചുരുളി’ക്കു നല്‍കിയതെന്നും എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും വ്യക്തമാക്കി നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്തത്.

ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചുരുളി നിര്‍മ്മിച്ചത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചുരുളിയുടെ തിരക്കഥ ഒരുക്കിയത് എസ്.ഹരീഷാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: police-clean-chit-for-churuli

Latest Stories

We use cookies to give you the best possible experience. Learn more