| Friday, 25th July 2025, 4:29 pm

പൊലീസിൻ്റെ വാഹനപരിശോധന; താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടി യുവാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: പൊലീസ് വാഹന പരിശോധനക്കിടെ താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടി യുവാവ്. ചുരത്തിലെ ഒൻപതാം വളവിന് മുകളിൽ നിന്നുമാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ചാടിയത്.

പരിശോധനയിൽ കാറിൽ നിന്നും മൂന്ന് പാക്കറ്റ് എം.ഡി.എം.എ കണ്ടെടുത്തു. മുമ്പും എം.ഡി.എം.എ കേസിൽ പ്രതിയായ ഇയാൾ വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് എല്ലാ അതിർത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധനകൾ നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കൊക്കയിലേക്ക് എടുത്തുചാടിയത്. വെള്ള ഷർട്ടാണ് യുവാവ് ധരിച്ചത്.

ഇയാളെ കണ്ടെത്താൻ സ്ഥലത്ത് ഫയർഫോഴ്സും പൊലീസും പരിശോധന നടത്തുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ചും ചുരത്തിൽ പരിശോധിക്കുന്നുണ്ട്.

അതേസമയം അതിരാവിലെ ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്ക് ശേഷം കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കെട്ടിടത്തിലെ കിണറ്റിൽ നിന്നും പിടികൂടുകയായിരുന്നു.

സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടി. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍, നൈറ്റ് ഓഫീസര്‍ റിജോ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി വി. ജയകുമാര്‍ കേസ് അന്വേഷിക്കുമെന്നും ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞിരുന്നു.

ജയില്‍ ചാടിയതിന് ശേഷം പിടിയിലായ ഗോവിന്ദച്ചാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിലിൽ എത്തിച്ചു. ഗോവിന്ദച്ചാമിയെ നാളെ വിയ്യൂർ ജയിലിലേക്ക് മാറ്റും.

Content Highlight: Police Checking, Young Man Jumbed from Thamarassery Churam

We use cookies to give you the best possible experience. Learn more