| Sunday, 6th September 2026, 9:51 pm

കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയുടെ വീഡിയോ: അബ്ദുല്ല ബാസിലിനെതിരെ കേസ്

റെന്വര്‍ പി

കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്ത് ഇടപെടുന്നതിനെക്കുറിച്ചുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ.അബ്ദുല്ല ബാസിലിനെതിരെ കേസ്. ബിഗ് ടി.വി വാര്‍ത്താ അവതാരക അപര്‍ണ കുറുപ്പിന്റെ പരാതിയിലാണ് കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തത്.

തനിക്കെതിരെ വധഭീഷണി ഉയരാന്‍ അടക്കം അബ്ദുല്ല ബാസില്‍ പങ്കുവെച്ച വീഡിയോയും ഒപ്പമുള്ള കുറിപ്പും കാരണമായെന്ന് പറഞ്ഞാണ് അപര്‍ണ കുറുപ്പിന്റെ പരാതി. പരാതി പ്രകാരം ഭാരതീയ ന്യായ സംഹിത 192, 351 (1), 353, 3(5) വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ 67-ാ വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകള്‍ പ്രചരിപ്പിച്ചുവെന്ന് അബ്ദുല്ല ബാസിലിനെതിരായ എഫ്.ഐ.ആറില്‍ പറയുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനും ആഹ്വാനം ചെയ്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നിന്നുള്ള വീഡിയോ അബ്ദുല്ല ബാസില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചര്‍ച്ചയില്‍ അപര്‍ണ കുറുപ്പ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റിനെ തുടര്‍ന്ന് തനിക്കെതിര സൈബര്‍ ആക്രമണമുണ്ടായെന്നും തനിക്ക് വധഭീഷണി അടക്കം നേരിടേണ്ടി വന്നെന്നും പറഞ്ഞാണ് അപര്‍ണ കുറുപ്പിന്റെ പരാതി.

അതേസമയം, അബ്ദുല്ല ബാസിലിനെതിരായ കേസ് പിന്‍വലിക്കണമെന്ന് താന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടതായി മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ഫിറോസ് പറഞ്ഞു. വര്‍ഗീയത പറയുന്നവരുടെ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഒരാള്‍ക്കെതിരെയും കേസ് ചുമത്താന്‍ ലീഗ് അധികാരത്തിലിരിക്കുമ്പോള്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അവരുടെ ഇസ്‌ലാമോ ഫോബിയ പുറത്ത് വന്നപ്പോള്‍ അതിനെ തുറന്ന് കാണിച്ച് അബ്ദുല്ല ബാസില്‍ വളരെ കൃത്യമായ അക്കാദമികമായ ഒരു ഡിബേറ്റ് മുന്നോട്ട് വെച്ചു. അതിന്റെ പേരില്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരും ചേര്‍ന്ന് ഡി.ജി.പിക്ക് പരാതി അയച്ചു. ഞാന്‍ ആഭ്യന്തര മന്ത്രിയെ വിളിച്ച് ആ കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞു. ആ കേസ് പിന്‍വലിക്കാനാണ് ലീഗ് അധികാരത്തിലിരിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷം ചെയ്തപോലെ വര്‍ഗീയത പറയുന്ന ഒരാളെയും സംരക്ഷിക്കില്ല. പക്ഷേ വര്‍ഗീയത പറയുന്നവരുടെ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഒരാള്‍ക്കെതിരെയും കേസ് ചുമത്താന്‍ ലീഗ് അധികാരത്തിലിരിക്കുമ്പോള്‍ സമ്മതിക്കില്ല,’ എം.എല്‍.എ പറഞ്ഞു.

ഇതിന് പിന്നാലെ അബ്ദുല്ല ബാസില്‍ പി.കെ. ഫിറോസിന് നന്ദി അറിയിച്ചു. വര്‍ഗീയത സംസാരിച്ചവരെ സംരക്ഷിച്ച്, അത് തുറന്നു കാട്ടിയവര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്തതിന് താന്‍ പി.കെ. ഫിറോസ് എം.എല്‍.എയ്ക്ക് നന്ദി പറയുന്നതായി അബ്ദുല്ല ബാസില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനും പി.കെ. ഫിറോസിന് നന്ദി പറയുന്നതായും ബാസില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബാസിലിനെതിരായ കേസിനെ വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് അപലപിച്ചു. കേസെടുത്ത നടപടി കടുത്ത വിവേചനപരമാണ്. ബിഗ് ടി.വി അവതാരകയുടേത് വ്യാജ പരാതിയാണെന്നും അദ്ദേഹം പറഞ്ഞതായി മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമിനെ പരിഹസിക്കുന്ന പരാമര്‍ശങ്ങളാണ് ചാനല്‍ ചര്‍ച്ചയില്‍ ബിഗ് ടി.വി അവതാരക നടത്തിയത്. പോലീസ് തിടുക്കപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധാര്‍ഹമാണ്. അബ്ദുള്ള ബാസിലിന്റെ വിശകരണ വീഡിയോയില്‍ മറ്റാരോ പോസ്റ്റിട്ടതിനാണ് കേസെടുത്തത്. ഈ വിഷയത്തില്‍ പൊലീസ് ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ടി.കെ. അഷ്റഫ് ആവശ്യപ്പെട്ടു.

Content Highlight: Police Case Against Wisdom Students Leader Abdulla Basil on Petition by Media Person Aparna Kurupp

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more