| Friday, 24th July 2026, 2:46 pm

പൊലീസ് അതിക്രമം: കോടതിയില്‍ ഒരു ഹരജിയും വന്നിട്ടില്ല, മാധ്യമങ്ങളുടേത് വീണ്ടുവിചാരമില്ലാത്ത റിപ്പോര്‍ട്ടിങ്ങ്: ചീഫ് ജസ്റ്റിസ്

നിഷാന. വി.വി

ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാന്‍ താന്‍ വിസമ്മതിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അശ്രദ്ധമായ റിപ്പോര്‍ട്ടിങ് ആണെന്നും ഉത്തരവാദിത്തമില്ലായ്മയാണെന്നും സൂര്യകാന്ത് പറഞ്ഞു.

സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട യാതൊരു റിട്ട് ഹരജിയും സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിക്ക് മുന്നില്‍ വന്ന ഒരു വാക്കാലുളള അഭ്യര്‍ത്ഥനയെ, സുപ്രീം കോടതി കേസ് കേള്‍ക്കാന്‍ വിസമ്മതിച്ചു എന്ന തരത്തിലാണ് മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും സൂര്യകാന്ത് പറഞ്ഞു.

‘കഴിഞ്ഞ രണ്ടു ദിവസമായി ഒരു കേസ് ഫയല്‍ ചെയ്തുവെന്നും ചീഫ് ജസ്റ്റിസ് അത് ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചുവെന്നുമുള്ള പൂര്‍ണമായും തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇന്ന് രാവിലെ 10 മണി വരെ ഈ വിഷയത്തില്‍ ഒരു പേജ് പോലും സുപ്രീം കോടതി രജിസ്ട്രിയില്‍ ഫയല്‍ ചെയ്തിട്ടില്ല. വെറുമൊരു കത്ത് മാത്രമാണ് വന്നിട്ടുള്ളത്. ഒരു കത്തിനെ എങ്ങനെയാണ് റിട്ട് ഹര്‍ജിയായി പരിഗണിക്കുക,’ ചീഫ് ജസ്റ്റിസ് ചോദിച്ചു. മാധ്യമങ്ങള്‍ ഉത്തരവാദിത്തമോ വീണ്ടുവിചാരമോ ഇല്ലാതെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് ആക്രമണങ്ങളില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അഭിഭാഷകന്‍ നരേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ചിനോട് വാമൊഴിയായി ആവശ്യപ്പെട്ടത്.

പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണാിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സമയം പാഴാക്കരുതെന്നും തങ്ങള്‍ക്ക് അതൊന്നും കാണാന്‍ താത്പര്യവുമില്ലെന്നായിരുന്നു സൂര്യകാന്തിന്റെ പ്രതികരണം. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സൂര്യകാന്തിന്റെ മാധ്യമ വിമര്‍ശനം.

Content Highlight: Police brutality: No petition has been filed in court; media reporting is ill-considered: Chief Justice.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more