| Sunday, 7th September 2025, 6:41 am

പീച്ചി സ്റ്റേഷനിലും പൊലീസ് മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷന് പുറമെ പീച്ചി സ്റ്റേഷനിലും പൊലീസ് മര്‍ദനം. 2023ല്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുന്നംകുളം സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് പീച്ചി സ്റ്റേഷനിലെ മര്‍ദനവും പുറത്തറിയുന്നത്.

2023 മെയ് 24നാണ് മര്‍ദനം നടന്നത്. ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പും മകന്‍ പോള്‍ ജോസഫും ഹോട്ടലിലെ ജീവനക്കാരനുമാണ് മര്‍ദനത്തിന് ഇരയായത്. എസ്.ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം.

ഭക്ഷണത്തെ ചൊല്ലിയുള്ള മര്‍ദനത്തെ തുടര്‍ന്നാണ് മൂവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. നിലവില്‍ ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ഔസേപ്പിന് സ്റ്റേഷനില്‍ നിന്നുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്.

എന്നാല്‍ ദൃശ്യങ്ങള്‍ ലഭ്യമായിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മര്‍ദന ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി നല്‍കിയ വിവരാവകാശ അപേക്ഷകള്‍ പൊലീസ് പല തവണയായി തള്ളിയതായും ആരോപണമുണ്ട്.

പിന്നീട് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് മര്‍ദന ദൃശ്യം പുറത്തുവന്നത്. അതേസമയം മാവോവാദി ഭീഷണിയും സ്ത്രീ സുരക്ഷയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് പൊലീസ് വിവരാവകാശ അപേക്ഷകള്‍ തള്ളിയിരുന്നത്.

ഇന്നലെ (ശനി) കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത് വി.എസിനെ മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ നുഹ്‌മാന്‍, സി.പി.ഒമാരായ സജീവന്‍, സന്ദീപ്,ശശിധരന്‍ എന്നിവരേയാണ് പൊലീസ് സേനയില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്. ഉത്തരമേഖലാ ഐ.ജിയുടെതാണ് നടപടി.

അതേസമയം പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും സസ്പെന്‍ഷന്‍ മാത്രമെന്ന നടപടി അംഗീകരിക്കില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടപടിയില്‍ പ്രതികരിച്ചത്.

രണ്ട് വര്‍ഷം മുമ്പ് എടുക്കേണ്ട നടപടിയാണിതെന്നും സംഭവത്തില്‍ പ്രതികളായ മുഴുവന്‍ പൊലീസുകാരെയും പിരിച്ചുവിടും വരെ സമരം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Content Highlight: Police beating at Peechi station too; footage released

We use cookies to give you the best possible experience. Learn more