| Sunday, 4th October 2026, 11:55 am

ജന്തർ മന്ദറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം; അമിത് ഷാ മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: ദൽഹി ജന്തർ മന്ദറിലെ പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെയും ദൽഹി പൊലീസിനെതിരെയും രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദൽഹി പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമായ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരാതി ലഭിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിമുഖത കാണിക്കുകയാണെന്നും, സ്ത്രീകളുടെ പരാതിയിൽ കേസെടുക്കാൻ പോലും ഭയപ്പെടുന്ന ഒരു സർക്കാർ യഥാർത്ഥത്തിൽ ആരെയാണ് സംരക്ഷിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

മണിക്കൂറുകളോളമായി മാധ്യമപ്രവർത്തകർ തെരുവിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയെന്ന അടിസ്ഥാനപരമായ ആവശ്യം ഉന്നയിച്ചാണെന്നും വനിതകൾക്കും വിദ്യാർത്ഥികൾക്കും സംരക്ഷണം നൽകേണ്ട പൊലീസ് അവർക്ക് നേരെ കൈയ്യുയർത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.

പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവർത്തകരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്യുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തുവെന്നാണ് ഉയർന്ന പരാതി. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിവേക് ഭഗത് തന്നെ മോശമായി സ്പർശിക്കുകയും തള്ളിയിടുകയും ചെയ്തുവെന്ന് ഒരു സ്വതന്ത്ര വനിതാ മാധ്യമപ്രവർത്തക പറഞ്ഞു.

വനിതാ മാധ്യമപ്രവർത്തകയെ അപമര്യാദയായി സ്പർശിച്ച എ.സി.പി വിവേക് ഭഗതിനെ സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് കോക്രോച് ജനതാ പാർട്ടിയും, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ഐസയും ആവശ്യപ്പെട്ടു.

പുരുഷ പൊലീസ് ഉദ്യോഗസ്ഥർ വനിതാ മാധ്യമപ്രവർത്തകരെയും പ്രതിഷേധക്കാരെയും അഭിഭാഷകരെയും ഉൾപ്പെടെ ക്രൂരമായി കയ്യേറ്റം ചെയ്തതായും അവർ വിമർശിച്ചു.

അതേസമയം, ദൽഹി പൊലീസ് ലഭിച്ച പരാതികളിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തുന്നതിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും പ്രാഥമിക തെളിവുകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥനെതിരെ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മാധ്യമപ്രവർത്തകർ.

Content Highlight:Police assault on women journalists at Jantar Mantar; Rahul Gandhi demands a response from Amit Shah.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more