| Wednesday, 6th August 2025, 9:28 am

ഓറഞ്ച് എ.ഐ പൂച്ചയെ അനുകരിച്ചതോ?; പൂച്ചയെ ക്രൂരമായി കൊല്ലുന്ന വീഡിയോ പ്രചരിപ്പിച്ച് യുവാവ്, അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പൂച്ചയെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷെജീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് ഇയാള്‍ പൂച്ചയെ ക്രൂരമായി കൊല്ലുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്.

ഷെജീര്‍ ടൂള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പൂച്ചയെ അതിക്രൂരമായി കൊല്ലുന്ന വീഡിയോ 32കാരനായ ഷെജീര്‍ പകര്‍ത്തിയത്. തന്റെ പേജിലൂടെ പങ്കുവെച്ച വീഡിയോ ഒടുവില്‍ ഇന്‍സ്റ്റഗ്രാം തന്നെ നീക്കം ചെയ്യുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ ഒരുകൂട്ടം മൃഗസ്‌നേഹികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഷെജീറിനെ അറസ്റ്റ് ചെയ്‌തെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ എന്തിനാണ് ഈ വീഡിയോ പകര്‍ത്തിയതും അതിന് ശേഷം പങ്കുവെച്ചതെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്‍സ്റ്റഗ്രാം പേജില്‍ ‘അനിമല്‍ ലവര്‍’ എന്നാണ് ഷെജീര്‍ നല്‍കിയിരിക്കുന്ന ബയോ എന്നതും ശ്രദ്ധേയമാണ്. പൂച്ചക്ക് ഭക്ഷണം നല്‍കിയ ശേഷം ഷെജീര്‍ അതിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ആ പൂച്ചയെ നിരവധി കഷ്ണങ്ങളാക്കുകയും ജാക്കി ലിവര്‍ കൊണ്ട് അതിനെ തല്ലി ചതക്കുകയും ചെയ്യുകയായിരുന്നു.

ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ദുഃഖകരമായ ബി.ജി.എം ചേര്‍ത്തുകൊണ്ട് ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായ ഓറഞ്ച് പൂച്ചയുടെ വീഡിയോക്ക് സമാനമായാണ് ഷെജീര്‍ ഈ ക്രൂരകൃത്യം നടത്തിയത്.

മനുഷ്യ മാംസത്തെക്കാള്‍ രുചി പൂച്ചയുടെ മാംസത്തിനാണെന്നും ഷെജീര്‍ പറയുന്നുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ തമിഴ്‌നാട്ടിലാണെന്നുള്ള വിവരം പൊലീസിന് അറിയാന്‍ കഴിഞ്ഞു. അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകന്‍ തിരുവാഴിയോട് സ്വദേശി ജിനേഷാണ് ഷെജീറിനെതിരെ പരാതി നല്‍കിയത്.

Content Highlight: Police arrested the man who killed the cat and upload its video in Instagram

We use cookies to give you the best possible experience. Learn more