| Thursday, 28th May 2026, 4:14 pm

ബി.ജെ.പി ദേശീയ അധ്യക്ഷന്റെ പേരിൽ ബി.ജെ.പി എം.എൽ.എയെ കുടുക്കി; പെട്രോളടിക്കാൻ പതിനായിരം പോക്കറ്റിലാക്കി ഒഡീഷക്കാരൻ

ആദര്‍ശ് എം.കെ.

റായ്പൂർ: ഛത്തീസ്ഗഡിലെ ബി.ജെ.പി എം.എൽ.എയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഒഡീഷ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആണെന്ന് വ്യാജേനയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്

റായ്പൂർ നോർത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ പുരന്ദർ മിശ്രയാണ് തട്ടിപ്പിനിരയായത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 8:24 ഓടെയാണ് എം.എൽ.എയ്ക്ക് ഫോൺ കോൾ വരുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. വിളിച്ചയാൾ താൻ നിതിൻ നബിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആണെന്നും, കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കാറിൽ പെട്രോൾ തീർന്ന് ഒരു കാട്ടുപ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നും അടിയന്തരമായി കുറച്ച് പണം വേണമെന്നും ആവശ്യപ്പെട്ടു.

ഫോൺ നമ്പർ പരിശോധിച്ച എം.എൽ.എയ്ക്ക് ട്രൂകോളറിൽ നിതിൻ നബിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ പേരാണ് കാണാൻ സാധിച്ചത് ഇതോടെ യു.പി.ഐ വഴി പണം കൈമാറുകയായിരുന്നു.

രണ്ട് ഘട്ടങ്ങളിലായി 10,000 രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ആദ്യം 4,500 രൂപയും പിന്നീട് 5,500 രൂപയും ഇയാൾ തട്ടിയെടുത്തു.

പണം ലഭിച്ചതിന് ശേഷവും കൂടുതൽ തുക ആവശ്യപ്പെട്ട് വിളിച്ചയാൾ തുടർച്ചയായി ശല്യം ചെയ്തതോടെയാണ് എം.എൽ.എയ്ക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ പ്രതിയുടെ ലൊക്കേഷൻ ഒഡീഷയിലാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഒഡീഷയിലെ പുരി ജില്ലയിലുള്ള തൽഡ സ്വദേശിയായ സഹദേവ് മാലികിനെ (35) അറസ്റ്റ് ചെയ്തു. സമാനമായ രീതിയിൽ ഇയാൾ നേരത്തെയും ആളുകളെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഡിൽ, പ്രത്യേകിച്ച് തലസ്ഥാനമായ റായ്പൂരിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി കഴിഞ്ഞ വർഷം നിയമസഭയിൽ ചർച്ചയായിരുന്നു. 2024 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള 18 മാസത്തിനുള്ളിൽ 1,301 പേരിൽ നിന്നായി 107.03 കോടി രൂപ സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തതായി ആഭ്യന്തര മന്ത്രി വിജയ് ശർമ സഭയെ അറിയിച്ചിരുന്നു. ഇതിൽ 47.57 കോടി രൂപയും റായ്പൂരിൽ നിന്നാണ് നഷ്ടപ്പെട്ടത്.

Content Highlight: Police arrest Odisha native for duping BJP MLA and extorting money

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more