| Friday, 21st November 2025, 2:31 pm

മിശ്രവിവാഹം; യുവതിയെ കൊലപ്പെടുത്തിയതിന് സഹോദരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹരിയാനയില്‍ മിശ്രവിവാഹം ചെയ്ത 23 വയസുകാരിയെ കൊലപ്പെടുത്തിയതിന് സഹോദരനേയും മൂന്ന് കൂട്ടാളികളേയും അറസ്റ്റ് ചെയ്ത്  പൊലീസ്. റോഹ്തക്കിലെ ലാധോട്ട്- ബോഹര്‍ റോഡില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ പ്രതികള്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ വെച്ചാണ് 23 കാരിയായ സപ്നയെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് വെടിവച്ചു കൊന്നത്. സംഭവ സമയത്ത് സപ്‌നയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. സപ്നയെ കൊലപ്പെടുത്തിയ ശേഷം സഹോദരനും കൂട്ടാളികളും സൂരജിനേയും ലക്ഷ്യം വെച്ചതായി ഹരിയാന ഡി.ജി.പി ഒ.പി. സിങ് പറഞ്ഞു.

‘ഇന്‍ഫര്‍മേഷന്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ലാഡോട്ട്-ബൊഹര്‍ റോഡില്‍വെച്ച് പ്രതികളെ പൊലീസ് സംഘം വളഞ്ഞപ്പോള്‍, പ്രതികള്‍ വെടിവയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് ആത്മരക്ഷയ്ക്കായി പൊലീസ് തിരിച്ചടിച്ചു. പൊലീസും കുറ്റവാളികളും തമ്മിലുള്ള വെടിവെയ്പില്‍, നാല് പ്രതികള്‍ക്കും വെടിയേറ്റു. അവരെ ചികിത്സയ്ക്കായി പി.ജി.ഐ.എം.എസ് റോഹ്തക്കിലേക്ക് മാറ്റി,’ ഡി.ജി.പി പറഞ്ഞു.

അറസ്റ്റിലായ സഞ്ജുവും രാഹുലും രോഹ്തക്കിലെ കഹ്‌നി ഗ്രാമത്തിലും അന്‍കിത് അലിയാസ് ബാബ, ഗൗരവ് എന്നിവര്‍ സോനേപത്തിലെ റുഖി ഗ്രാമത്തിലുമുള്ളവരാണ്. നാല് കൈതേക്കുകളും 10 ബുള്ളറ്റും ഒരു മോര്‍ട്ടര്‍ സൈക്കിളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 19ന് ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ട 20കാരിയായ കോമള്‍ പട്ടികജാതിയില്‍പ്പെട്ട കൈതാല്‍ എന്ന യുവാവിനെ വിവാഹം ചെയ്തതിന് സഹോദരനാല്‍ വെടിയേറ്റ് മരണപ്പെട്ടെന്ന് ആരോപണമുണ്ട്.

കൂടാതെ 2024 ജൂണ്‍ 3ന് സിര്‍സ ജില്ലയിലെ നെജദേല കലന്‍ ഗ്രാമത്തിലെ 27 വയസുള്ള സരവ്ജീത് കൗറിനെ അടുത്തുള്ള ഗ്രാമത്തിലെ കരണുമായി പ്രണയബന്ധം ആരോപിച്ച് കൗറിനെ സഹോദരനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.

ഇവര്‍ ഒരേ ജാതിയില്‍ നിന്നുള്ളവരായിരുന്നു. മാതാപിതാക്കള്‍ അവളുടെ പ്രണയത്തോട് യോജിച്ചിരുന്നില്ല. തുടര്‍ന്ന് കൗറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ ഒട്ടനവധി ദുരഭിമാനക്കൊലകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: Police arrest brother and three accomplices for murdering 23-year-old mixed-race woman in Haryana

We use cookies to give you the best possible experience. Learn more