ന്യൂദല്‍ഹി: പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി ദല്‍ഹിയില്‍ 660ഓളം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഓപ്പറേഷന്‍ ആഘത് 3.0 പ്രകാരം നടത്തിയ കരുതല്‍നടപടികളുടെ ഭാഗമായി ആയുധങ്ങള്‍, ലക്ഷണക്കണക്കിന് രൂപയുടെ പണം, മദ്യം, മയക്കുമരുന്ന്, മോഷണവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. സൗത്ത് ദല്‍ഹി, സൗത്ത് ഈസ്റ്റ് ദല്‍ഹി മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഉത്സവാഘോഷ സമയത്ത് കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് നടപടി. കുഴപ്പക്കാരെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൗത്ത് ദല്‍ഹി, സൗത്ത് ഈസ്റ്റ് ദല്‍ഹി പൊലീസ് സംയുക്തമായാണ് ഓപ്പറേഷന്‍ ആഘതിന്റെ ഭാഗമായത്.
സൗത്ത് ഈസ്റ്റ് മേഖലയില്‍ നിന്നും മാത്രം 285 അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആംസ് ആക്ട് (അനധികൃതയമായി ആയുധങ്ങള്‍ കൈവശം വെക്കുന്നത്), എക്‌സൈസ് ആക്ട്, ഗാംബ്ലിങ് ആക്ട് (ചൂതാട്ടം തടയുന്നത്), നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റുകളെന്ന് പൊലീസ് വ്യക്തമാക്കി.
നടപടി ക്രമങ്ങളുടെ ഭാഗമായി 2800ലധികം പേരെ ചോദ്യം ചെയ്തതായി ദല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് (സെക്യൂരിറ്റി) എസ്.കെ ജെയ്ന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ഓപ്പറേഷന്‍ ആഘത് വിജയകരമായെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് റവന്യൂ ജില്ലകളില്‍ നിന്നും 850 പേരെ കസ്റ്റഡിയിലെടുച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
155ഓളം സ്ഥിരം കുറ്റവാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ, പ്രത്യേകിച്ചും മയക്കുമരുന്ന് കച്ചവടക്കാര്‍, കള്ളക്കടത്തുകാര്‍, ചൂതാട്ടക്കാര്‍, പതിവ് കുറ്റവാളികള്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഈ ഓപ്പറേഷന്റെ മുഴുവന്‍ ശ്രദ്ധയും. കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്,’ എസ്.കെ ജെയ്ന്‍ പറഞ്ഞു.
ആംസ് ആക്ട് പ്രകാരം 66 പേരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 66 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്നും 24 നാടന്‍ തോക്കുകളും 44 കത്തികളും പിടിച്ചെടുത്തു. 22,500 കുപ്പിയോളം അനധികൃത മദ്യവും പത്ത് കിലോയിലധികം കഞ്ചാവും പൊലീസ് പിടികൂടി. 70ലധികം പേരെ ഇതില്‍ അറസ്റ്റ് ചെയ്തു.
ചൂതാട്ട വിരുദ്ധ നിയമപ്രകാരം കുറഞ്ഞത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് റവന്യൂ ജില്ലകളില്‍ നിന്നായി 68 ചൂതാട്ടക്കാരെ പിടികൂടി. 2.3 ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
മോഷ്ടിച്ചതോ നഷ്ടപ്പെട്ടതോ ആയ 350ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവ ഉടമകള്‍ക്ക് തിരികെ നല്‍കുമെന്നും പൊലീസ് അറിയിച്ചു.
Content Highlight: Police arrest 660 people in Delhi ahead of New Year celebrations