ന്യൂദൽഹി: ദൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ അടക്കമുള്ള മുതിർന്ന സി.പി.ഐ.എം നേതാക്കളുമായി പൊലീസ് നഗരത്തിൽ ചുറ്റിക്കറങ്ങുന്നതായി രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ്.
നേതാക്കളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ പൊലീസിന്റെ ഉദ്ദേശമെന്തെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ലായെന്ന് ബ്രിട്ടാസ് പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുള്ള പിണറായി വിജയന് സമയത്തിന് മരുന്ന് കഴിക്കാൻ പോലുമുള്ള സാമാന്യ മര്യാദ പൊലീസ് കാണിക്കുന്നില്ലെന്നും കസ്റ്റഡി വാഹനത്തിലിരുന്ന് പങ്കുവെച്ച വീഡിയോയിൽ ബ്രിട്ടാസ് വെളിപ്പെടുത്തി.
‘ഇപ്പോൾ സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ഞങ്ങളുമായി പൊലീസ് ദൽഹി നഗരത്തിൽ ചുറ്റിക്കൊണ്ടിരിക്കുകയാണ്. സഖാവ് പിണറായിയും ബാലഗോപാലും ഞാനും ഒരു ബൊലേറോ ജീപ്പിലാണ് കസ്റ്റഡിയിലുള്ളത്. എവിടേക്കാണ് കൊണ്ടുപോകുന്നത്, എന്താണ് ഉദ്ദേശ്യം എന്ന് കുറെ നേരമായി ചോദിക്കുന്നുണ്ടെങ്കിലും അവർ വെളിപ്പെടുത്തുന്നില്ല.
രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ സഖാവ് പിണറായി വിജയന് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ട്, സമയത്തിന് മരുന്ന് കഴിക്കേണ്ടതുണ്ട്. എന്നാൽ ആ ഒരു സാമാന്യ മര്യാദ പോലും കാണിക്കാൻ ദൽഹി പൊലീസ് തയ്യാറാകുന്നില്ല,’ ബ്രിട്ടാസ് പറഞ്ഞു.
ദൽഹി ജന്തർ മന്തറിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നേതൃത്വം നൽകിയ പ്രതിഷേധ പരിപാടിക്കിടെയാണ് പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി എന്നിവരെ പൊലീസ് ഒരുമിച്ച് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിൽ പങ്കെടുത്ത സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി തുടങ്ങിയ പ്രമുഖ നേതാക്കളെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Content Highlight:Police are driving around the city with the leaders detained in Delhi; John Brittas states that Pinarayi is not even being allowed to take his medication.