| Tuesday, 1st July 2025, 7:41 pm

പൊലീസും മനുഷ്യരാണ്; ചിന്നസ്വാമിയിലെ അപകടത്തിന് ഉത്തരവാദി ആര്‍.സി.ബി: സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുണ്ടായ അപകടത്തിന് ഉത്തരവാദി ആര്‍.സി.ബിയെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (സി.എ.ടി). പൊലീസിന്റെ അനുമതിയില്ലാതെ വിജയാഘോഷം പ്രഖ്യാപിച്ചതില്‍ ട്രൈബ്യൂണല്‍ ആര്‍.സി.ബിയെ വിമര്‍ശിച്ചു.

അനുമതിയില്ലാതെ എത്തിയ ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന്റെ കൈയില്‍ അലാദ്ദീന്റെ അത്ഭുത വിളക്കില്ല. 12 മണിക്കൂറിനുള്ളില്‍ അത്രയധികം ആളുകളെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിക്കാന്‍ പൊലീസിന് കഴിയണമെന്നില്ലെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.

പൊലീസിന് മതിയായ സമയം ലഭിക്കാത്തതുകൊണ്ട് തന്നെ ക്രമീകരണങ്ങള്‍ കുറവായിരുന്നു. അത് 11 പേരുടെ മരണത്തിന് കാരണമായെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മനുഷ്യരാണ്. അവര്‍ ദൈവങ്ങളും മന്ത്രികരുമല്ലെന്നും മനസിലാക്കണമെന്നും ട്രൈബ്യൂണല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വികാസ് കുമാര്‍ വികാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടി സി.എ.ടി റദ്ദാക്കി. എന്നാല്‍ സി.എ.ടിയുടെ നടപടിക്കെതിരെ അപ്പീല്‍ പോകാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

നേരത്തെ സസ്പെന്‍ഷന്‍ നടപടിയെ ചോദ്യം വികാസ് രംഗത്തെത്തിയിരുന്നു. വികാസിന് പുറമെ പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ, ചിന്നസ്വാമി സ്റ്റേഡിയം ഇന്‍-ചാര്‍ജ്, എ.സി.പി, സെന്‍ട്രല്‍ ഡി.സി.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പൊലീസ് ഹൗസ്മാസ്റ്റര്‍, കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് എന്നിവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

11 പേരുടെ മരണത്തിനും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സിദ്ധരാമയ്യ ഉത്തരവിടുകയും ചെയ്തിരുന്നു. നിലവില്‍ ചിന്നസ്വാമിയിലെ അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണനയിലുണ്ട്.

ആര്‍.സി.ബിയുടെ ഐ.പി.എല്‍ വിക്ടറി പരേഡ് ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. അനിയന്ത്രിതമായ തിരക്കും കൃത്യമായ മാനേജിങ്ങുമില്ലാതിരുന്നതാണ് മരണങ്ങള്‍ സംഭവിക്കാന്‍ കാരണമായത്.

അപകടത്തിന് പിന്നാലെ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. ജയ്റാമും രാജിവെച്ചിരുന്നു. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നായിരുന്നു വിശദീകരണം. അപകടത്തെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയിരുന്നു.

Content Highlight: Police are also human; RCB responsible for Chinnaswamy accident: Central Administrative Tribunal

We use cookies to give you the best possible experience. Learn more