| Saturday, 8th March 2025, 2:04 pm

രാജ്യത്തെ മുഴുവന്‍ പുരുഷന്മാര്‍ക്കും സൈനിക പരിശീലനം നല്‍കാനൊരുങ്ങി പോളണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍സോ: രാജ്യത്തെ മുഴുവന്‍ പുരുഷന്മാര്‍ക്കും സൈനിക പരിശീലനം നല്‍കാന്‍ തീരുമാനിച്ച് പോളണ്ട്. റിസര്‍വ് പോരാളികളടക്കം രാജ്യത്തെ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നീക്കം. സൈനികരുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.

2025 അവസാനത്തോടെ പദ്ധതി നടപ്പിലാക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച അധോസഭയായ സെജ്മില്‍ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ടസ്‌ക്.

യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ നാറ്റോക്കെതിരെ യു.എസ് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ടസ്‌ക് പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ മാതൃകയിലുള്ള ഒരു റിസര്‍വ് സംവിധാനമാണ് പരിഗണിക്കുന്നതെന്നും പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്വിസ് സംവിധാനത്തില്‍ ഓരോ പുരുഷനും സൈന്യത്തിലോ ബദല്‍ സിവിലിയന്‍ സേവനത്തിലോ സേവനമനുഷ്ഠിക്കണം. എന്നാല്‍ സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ സന്നദ്ധസേവനം നടത്താം എന്നാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

2024ല്‍ സൈന്യത്തില്‍ ഏകദേശം 200,000 സൈനികരുണ്ടെന്നും 2025ല്‍ അത് 220,000 ആയി വര്‍ധിപ്പിക്കുമെന്നും പോളിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ആണവ പരീക്ഷണങ്ങള്‍ നടത്താനും പോളണ്ട് പദ്ധതിയിടുന്നുണ്ട്.

നാറ്റോ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം പോളണ്ടിന്റെ പ്രതിരോധ ചെലവ് ജിഡിപിയുടെ 4.1 ശതമാനമായിരുന്നു. ഈ വര്‍ഷം അത് 4.7 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൂടാതെ കുഴിബോംബുകളുടെ ഉപയോഗം നിരോധിക്കുന്ന ഉടമ്പടിയില്‍ നിന്നും ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ഉപയോഗം നിരോധിക്കുന്ന ഡബ്ലിന്‍ കണ്‍വെന്‍ഷനില്‍ നിന്നും ഒട്ടാവ കണ്‍വെന്‍ഷനില്‍ നിന്നും പിന്മാറാൻ ടസ്‌ക് ആലോചിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലാന്‍ഡും ലിത്വാനിയയും ഒട്ടാവ കണ്‍വെന്‍ഷനില്‍ നിന്ന് പിന്മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് പോളണ്ടില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

38 ദശലക്ഷം ജനസംഖ്യയുള്ള പോളണ്ട് നാറ്റോ പരിധിയുടെ കിഴക്കന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലും ശീതയുദ്ധകാലത്തും മോസ്‌കോ നിയന്ത്രിച്ചിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു പോളണ്ട്. യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ വിജയം റഷ്യക്കാണെങ്കില്‍ അവരുടെ അധിനിവേശം തങ്ങളുടെ രാജ്യത്തേക്ക് കടക്കുമോയെന്ന ആശങ്ക പോളണ്ടില്‍ രൂപപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

Content Highlight: Poland to provide military training to all men in the country

We use cookies to give you the best possible experience. Learn more