2026 ഒക്ടോബര്‍ 30 ന് പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെ പോളണ്ടിന്റെ ഭരണഘടനാ ട്രൈബ്യൂണലിന്റെ വെബ്‌സൈറ്റില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ബോഗ്ദാന്‍ സ്വിയെന്‍ച്‌കോവ്‌സ്‌കിയെയും ഉപാധ്യക്ഷന്‍ ബാര്‍ത്‌ലോമിയേയ് സോഖാന്‍സ്‌കിയെയും സസ്‌പെന്‍ഡ് ചെയ്തതായായിരുന്നു അറിയിപ്പ്.
നിയമവാഴ്ച പുനസ്ഥാപിക്കുന്നതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി മറ്റൊരു ജഡ്ജിയായ അന്ന കോര്‍വിന്‍പ്യോത്രോവ്‌സ്‌കയാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ കാലമായി സേവനമനുഷ്ഠിക്കുന്ന ജഡ്ജിയെന്ന നിലയില്‍ ട്രൈബ്യൂണലിന്റെ ചുമതല താന്‍ ഏറ്റെടുക്കുകയാണെന്നും അവര്‍ പറഞ്ഞു.
പോളണ്ട് പ്രസിഡന്റ് നവ്‌റോക്കി സെനഗലിലേക്കുള്ള യാത്രയിലായിരിക്കെയാണ് ഈ അറിയിപ്പ് വന്നത്. വൈകാതെ പ്രസിഡന്റിന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു കുറിപ്പ് വന്നു.
‘ഇത്തരമൊരു ഘട്ടത്തില്‍ പ്രസിഡന്റ് പോളണ്ടിലുണ്ടാകണം. സെനഗലിലേക്കുള്ള എന്റെ യാത്ര വെട്ടിച്ചുരുക്കുകയാണ്. ഞാന്‍ മടങ്ങുകയാണ്,’ പ്രസിഡന്റ് നവ്‌റോക്കി തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
പിന്നീട് നാടകീയമായ രംഗങ്ങളാണ് പോളണ്ടില്‍ നടന്നത്. രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ നിയന്ത്രണം ആരുടെ പക്കലാകണമെന്ന ദീര്‍ഘനാളായുള്ള തര്‍ക്കവും മുന്‍ ഭരണകൂടത്തിന്റെ കാലത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുമാണ് ഇപ്പോള്‍ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കോടതിയുടെ പുറത്ത് സര്‍ക്കാര്‍ കലാപ നിയന്ത്രണ പൊലീസിനെ വിന്യസിച്ചു. യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്ന സര്‍ക്കാര്‍ നിയമവിരുദ്ധമായി കോടതിയുടെ അധ്യക്ഷനെ നീക്കം ചെയ്തു എന്നാരോപിച്ച് നൂറുകണക്കിന് പ്രതിഷേധക്കാര്‍ കോടതിയുടെ പുറത്ത് പ്രതിഷേധിച്ചു. ചിലര്‍ പ്രധാനമന്ത്രി ടസ്‌ക് രാജ്യദ്രോഹിയാണ് എന്ന് മുദ്രാവാക്യം വിളിച്ചു. കോടതിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ സംഭവത്തെ ‘ഭരണകൂട അട്ടിമറി’ എന്ന് വിശേഷിപ്പിച്ചു.
‘നിയമവിരുദ്ധമായി ഭരണഘടനാ ട്രൈബ്യൂണലിന്റെ വെബ്‌സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ട്രൈബ്യൂണലിന്റെ പ്രസിഡന്റ് ഇപ്പോഴും ബോഗ്ദാന്‍ സ്വിയെന്‍ച്‌കോവ്‌സ്‌കിയും വൈസ് പ്രസിഡന്റ് ബാര്‍ത്‌ലോമിയേയ് സോഖാന്‍സ്‌കിയും തന്നെയാണ്. അന്ന കോര്‍വിന്‍ പ്യോത്രോവ്‌സ്‌ക ഭരണഘടനാ ട്രൈബ്യൂണലിലെ ജഡ്ജിയല്ല. ഈ നടപടികളില്‍ പങ്കെടുക്കുന്ന എല്ലാവരും ഭരണഘടനാ അട്ടിമറി എന്ന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയാണ്,’ കോടതിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ പറയുന്നു.
രാജ്യത്ത് തിരികെയെത്തിയ പ്രസിഡന്റ് കരോള്‍ നവ്‌റോക്കി സുപ്രീം കോടതിയുടെ പ്രഥമ അധ്യക്ഷന്‍ സ്ബിഗ്‌നീവ് കാപിന്‍സ്‌കിക്കൊപ്പം ഭരണഘടനാ ട്രൈബ്യൂണല്‍ കെട്ടിടത്തില്‍ പ്രവേശിച്ചു.
ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി(PiS)
2015 മുതല്‍ 2023 വരെ അധികാരത്തിലിരുന്നത് പ്രസിഡന്റ് കരോള്‍ നവ്‌റോക്കിയുടെ വലതുപക്ഷ പാര്‍ട്ടിയായ ലോ ആന്‍ഡ് ജസ്റ്റിസ് ആണ്. പ്രധാനപ്പെട്ട നീതിന്യായ സ്ഥാപനങ്ങളില്‍, പ്രത്യേകിച്ച് ഭരണഘടനാ ട്രൈബ്യൂണലില്‍, രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പി.ഐ.എസ് ശ്രമിച്ചുവെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.
പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് ജുഡീഷ്യല്‍ പരിഷ്‌കരണത്തിനപ്പുറം കോടതികളെ സ്വന്തം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് നവ്‌റോക്കിയും പി.ഐ.എസും വാദിക്കുന്നു. ഇരുപക്ഷങ്ങളും തമ്മിലുള്ള പോരാട്ടം ട്രൈബ്യൂണലിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തി.
മുന്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന ജുഡീഷ്യല്‍ മാറ്റങ്ങള്‍ കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ അവ റദ്ദാക്കണമെന്നാണ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിന്റെ ആവശ്യം. ഈ പരിഷ്‌കാരങ്ങളുടെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ പോളണ്ടിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഭരണമാറ്റം
2023ലാണ് ഡൊണാള്‍ഡ് ടസ്‌ക് പ്രധാനമന്ത്രിയായി പോളണ്ടില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നത്. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ടസ്‌കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപം കൊണ്ടത്.
ഈ വര്‍ഷമാദ്യം പാര്‍ലമെന്റ് നാമനിര്‍ദേശം ചെയ്ത ആറ് ജഡ്ജിമാരില്‍ മൂന്ന് പേരെ സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രസിഡന്റ് നവ്‌റോക്കി വിസമ്മതിച്ചു. പി.ഐ.എസ് സര്‍ക്കാരിനുകീഴില്‍ ഡെപ്യൂട്ടി നീതിന്യായ മന്ത്രിയായിരുന്ന നിലവിലെ ട്രൈബ്യൂണല്‍ പ്രസിഡന്റ് ബോഗ്ദാന്‍ സ്വിയെന്‍ച്‌കോവ്‌സ്‌കി പാര്‍ലമെന്റ് തെരഞ്ഞെടുത്ത ജഡ്ജിമാരെ അവരുടെ ചുമതലകള്‍ ഏറ്റെടുക്കുന്നത് തടഞ്ഞു.
ഓഗസ്റ്റില്‍ ക്യാമ്പസ് പോള്‍സ്‌കയില്‍ സംസാരിക്കവെ, നിയമാനുസൃതമായി നിയമിതരായ ജഡ്ജിമാരെ വീണ്ടും ട്രൈബ്യൂണലില്‍ നിയമിക്കാന്‍ തന്റെ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ടസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍, തന്റെ നടപടിക്രമങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വെള്ളിയാഴ്ച സംഭവിച്ചത്
പ്രസിഡന്റ് നവ്‌റോക്കി സെനഗലിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ട്രൈബ്യൂണലിന്റെ അധ്യക്ഷനെയും ഉപാധ്യക്ഷനെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള വാര്‍ത്ത പുറത്തുവരുന്നത്. തന്റെ യാത്ര വെട്ടിച്ചുരുക്കി നവ്‌റോക്കി പോളണ്ടിലേക്ക് തിരിച്ചു.
അപ്പോഴേക്കും കോടതിയ്ക്കു ചുറ്റും പൊലീസിനെ വിന്യസിച്ചുകഴിഞ്ഞിരുന്നു. പ്രധാനമന്ത്രിക്കും യൂറോപ്യന്‍ യൂണിയന്‍ അനുകൂല സര്‍ക്കാരിനുമെതിരെ മുദ്രാവാക്യവുമായി പി.ഐ.എസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കോടതിയ്ക്കുമുന്നില്‍ മുദ്രാവാക്യവുമായി എത്തി.
കോടതിയ്ക്ക് മുന്നിലെത്തിയ പ്രസിഡന്റ് പൊലീസിനെയും ജഡ്ജിമാരെയും മറികടന്ന് കോടതിയ്ക്കുള്ളില്‍ കടന്നു.
സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും സ്വീകരിക്കില്ലെന്നും ബോഗ്ദാന്‍ സ്വിയെന്‍ച്‌കോവ്‌സ്‌കി അറിയിച്ചു. സര്‍ക്കാര്‍ അട്ടിമറിയ്ക്ക് ശ്രമിക്കുകയാണെന്ന് പി.ഐ.എസ് നേതാക്കള്‍ പറഞ്ഞു.
‘നിയമവാഴ്ച പുനസ്ഥാപിക്കുക എന്നത് നമ്മുടെ കടമയാണ്. വര്‍ഷങ്ങളോളം പി.ഐ.എസ് നടത്തിയ നിയമലംഘനത്തിന് ശേഷം, ഇത് ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. ചിലപ്പോള്‍ വേദനാജനകവുമാണ്. നിര്‍ണായകമായ നടപടികള്‍ സ്വീകരിക്കേണ്ടതും ആവശ്യമാണ്. ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല,’ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എക്‌സില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച അന്ന കോര്‍വിന്‍ പെട്രോവ്‌സ്‌കയെയാണ് ഇപ്പോള്‍ ട്രൈബ്യൂണലിന്റെ ചുമതലയിലേക്ക് നിയമിച്ചിരിക്കുന്നത്.
Content Highlight: Poland’s Constitutional Tribunal president suspended amid political dispute.