| Thursday, 30th October 2025, 6:03 pm

ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവ്: വേദനിപ്പിച്ചെങ്കില്‍ ഖേദം: എ.ഐ.വൈ.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എം ശ്രീക്കെതിരായ പ്രതിഷേധങ്ങളില്‍ സി.പി.ഐയും സംഘടനകളും അതിരുവിട്ടെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിനോട് പ്രതികരിച്ച് എ.ഐ.വൈ.എഫ്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്‍ പറഞ്ഞു.

പ്രതിഷേധങ്ങളിലൂടെ ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രക്കുറവാണെന്നും എ.ഐ.എസ്.എഫും-എ.വൈ.എസ്.എഫും സ്വീകരിച്ച നിലപാടുകള്‍ ആശയപരം മാത്രമായിരുന്നെന്നും ജിസ്‌മോന്‍ പ്രതികരിച്ചു.

സി.പി.ഐ മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകളും കോലംകത്തിക്കല്‍ പോലുള്ള പ്രതിഷേധങ്ങളും വേദനയുണ്ടാക്കിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് എ.ഐ.വൈ.എഫ് നേതാവ് ടി.ടി. ജിസ്‌മോന്‍ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

പി.എം ശ്രീ വിഷയത്തില്‍ എ.ഐ.എസ്.എഫ്-എ.വൈ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നുമുള്ള മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടു. പി.എം ശ്രീയില്‍ ഒപ്പുവെച്ച തീരുമാനം തങ്ങളെ വേദനിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയെയും ചരിത്രസത്യങ്ങളെയും വര്‍ഗീയവത്കരിച്ച് വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ സമൂഹത്തില്‍ നട്ടുവളര്‍ത്താനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ജാഗ്രതയോടുകൂടി ഇനിയും സമരരംഗത്തേക്ക് ഇറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിയെന്ന നിലയില്‍ നടപ്പാക്കുന്ന പദ്ധതികളും വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നതും അഭിമാനര്‍ഹമാണ്. ശ്ലാഘനീയമായ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും നമ്മുടെ പ്രഖ്യാപിതനിലപാടില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള പി.എം ശ്രീ വിഷയത്തിലെ ജാഗ്രതക്കുറവിനെ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ടി.ടി ജിസ്‌മോന്‍ പറഞ്ഞു.

അതേസമയം, എ.എന്‍ സ്മാരകത്തില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി.ആര്‍ അനിലിന്റെതുള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കളുടെ പരാമര്‍ശങ്ങളെ വി. ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. പ്രയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണമെന്ന് ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.

‘സി.പി.ഐ.-സി.പി.ഐ.എം തര്‍ക്കമാണ് ഉണ്ടായത്. അങ്ങനെ ഒരു തര്‍ക്കമുണ്ടാകുമ്പോള്‍ അവരുപയോഗിക്കേണ്ട വാക്കുകളും പ്രവൃത്തികളും സംബന്ധിച്ച് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു. ആര്‍ക്കും വേദനയുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യരുതായിരുന്നു. പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്’,അദ്ദേഹം പറഞ്ഞു.

മന്ത്രി ജി.ആര്‍ അനില്‍ മാധ്യമങ്ങളോട് തന്നെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചു. ഒരാള്‍ ഓഫീസില്‍ വന്നാല്‍ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്‌കാരമാണ്. പ്രകാശ്ബാബു എം.എ. ബേബിയെക്കുറിച്ച് നടത്തിയ വിമര്‍ശനവും എ.ഐ.എസ്.എഫും എ.ഐ.വൈ.എസ്.എഫും തന്റെ കോലം കത്തിച്ചതും ശരിയായില്ല.

പ്രതിപക്ഷത്തെക്കാള്‍ രൂക്ഷമായ വിമര്‍ശനമാണ് തനിക്കെതിരെ നടത്തിയത്. ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Content  Highlight: Pointing out the minister’s lack of caution: Sorry if it hurts: AIYF

We use cookies to give you the best possible experience. Learn more