| Monday, 2nd May 2016, 9:43 pm

രാജ്യദ്രോഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്റെ ദേഹത്തെ രാജ്യദ്രോഹിയെന്നും
എന്റെ ദാഹത്തെ വഞ്ചനയെന്നും നീ വിളിച്ച് പറയുമ്പോള്‍
ഞാനെന്തിന് പതറണം..



കവിത: ഡി.ഉദയഭാനു/ വിവര്‍ത്തനം: സുധാകരന്‍ പയ്യം ഹൈദ്രബാദ്


എന്റെ ദേഹത്തെ രാജ്യദ്രോഹിയെന്നും
എന്റെ ദാഹത്തെ വഞ്ചനയെന്നും നീ വിളിച്ച് പറയുമ്പോള്‍
ഞാനെന്തിന് പതറണം..
എടൊ,
നിന്റെ ഇരുണ്ട തീര്‍പ്പുകളില്‍
ഞാന്‍ രാജ്യദ്രോഹി തന്നെയെന്ന്
നീ എഴുതിവച്ചുകൊള്‍ക
എന്തെന്നാല്‍ ഈ ലോകത്തിന്റെ ദാഹിച്ചു വരണ്ട
സന്തതിയ്ക്ക് നല്‍കാനായ് ഒരിറ്റു പാല്‍ ഞാന്‍ കിനാവുകാണുന്നു.
കത്തിക്കരിഞ്ഞ പൂന്തോപ്പില്‍ തേങ്ങിപ്പറക്കുന്ന ശലഭത്തെയും
പൊള്ളിയടര്‍ന്ന മുറിവുകള്‍ക്ക് മേല്‍
പുരട്ടാന്‍ മുറിപ്പച്ച തേടുന്ന പക്ഷിയേയും
കറ്റക്കിടാവിന്റെ
കണ്ണിലൂടിറ്റുന്ന ചോരത്തുള്ളികള്‍ നക്കിത്തുടയ്ക്കുന്ന
അമ്മപ്പശുവിനേയും
നീ ഒറ്റുകാരെന്ന് വിളിയ്ക്കുമ്പോള്‍
ഞാനെന്തിന് മാറിനില്‍ക്കണം.
എടൊ,
നിന്റെ നാറുന്ന വൃത്തികെട്ട മൂത്രത്തിന്റെ ഈര്‍പ്പം പുരണ്ട കുതിരപ്പുരകളില്‍
എഴുതിവയ്ക്കൂ..
ഞാനൊരു രാജ്യദ്രോഹിയാണെന്ന്.

ഒരു ഹരിതവനത്തിലേയ്ക്കുള്ള പ്രതികാര ദാഹിയായ ശത്രുവിന്റെ
നുഴഞ്ഞു കയറ്റത്തെക്കുറിച്ച്
തുറന്ന ആകാശത്തുനിന്ന് ഉറക്കെ പറയുന്ന
ഒരു പറവയെ നീ ശാസിക്കുമ്പോള്‍
ഭൂമിയുടെ ചുണ്ടുകള്‍
പിഴുതെറിയുന്ന യന്ത്രത്തോക്കുകളെക്കുറിച്ച്
കണ്ണീരുകൊണ്ട് കവിതയെഴുതി തളര്‍ന്ന ഒരു കീടത്തെ രാജ്യദ്രോഹിയെന്ന് നീ നിന്ദിക്കുമ്പോള്‍
എനിയ്‌ക്കൊരു ഇരുണ്ടമേഘം പോലെ പെയ്യാതുറഞ്ഞുപോക വയ്യ.
അതെ, ഞാനൊരു ദേശദ്രോഹിയാണ്.
എറിഞ്ഞുകൊള്‍ക എന്നെയും നിന്റെ വന്യ ജന്തുക്കള്‍ കാവല്‍നില്‍ക്കുന്ന
ഇരുട്ടറകളിലേയ്ക്ക്.
വരാനിരിക്കുന്ന
കൊടും വേനലിലേയ്ക്ക്
മധുരിക്കുന്ന പഴങ്ങള്‍ കാത്തുവയ്ക്കാനായ്
ഈന്തപ്പനയുടെ മുള്ളുകള്‍ വെട്ടിമാറ്റാനായ് മഴുവെടുത്ത കുഞ്ഞു ബാലനും
വയലരികിലെ കുഴല്‍ക്കിണറിന് മുന്‍പില്‍ ഇനിയും വരാത്ത
വൈദ്യുതിയ്ക്കായ്
നട്ടപ്പാതിരയിലും കാത്ത് നില്‍ക്കുന്ന
അവസാനത്തെ മനുഷ്യനും
വിശപ്പിനും വേദനയ്ക്കുമെതിരെയുള്ള പടയോട്ടങ്ങള്‍ക്കിടയില്‍
കൊയ്‌ത്തൊഴിഞ്ഞ പാടത്തിലൂടെ
അവശേഷിച്ച ചോളക്കതിരുകള്‍
തേടി നടക്കുന്ന കിഴവിത്തള്ളയും
നിന്റെ പദാവലിയില്‍
ദേശദ്രോഹികളാകുമ്പോള്‍
എനിയ്‌ക്കെന്റെ മന:സാക്ഷിയെ
അഴുക്കുചാലിലെ പന്നികള്‍ക്കൊപ്പം
ഉപേക്ഷിക്ക വയ്യ.
നിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളിലെ ഇരുമ്പഴികള്‍ക്കുള്ളിലേയ്ക്ക്
എന്നെയും തള്ളിയിടുക
അതെ, ഞാനുമൊരു ദേശദ്രോഹിയാണ്.
കാസിം പീര്‍ ആരാധനാലയത്തില്‍ വച്ച് ഒരുപാട് ചാപിള്ളകള്‍ക്ക് ശേഷമുണ്ടായ നവജാതശിശുവിനെ
പീര്‍ എന്ന് പേരിട്ട് വിളിച്ച കരീം എന്ന നല്ല മുത്തച്ഛനെയും
അപകട സാധ്യത ഏറെയുള്ള എന്റെ ജീവിതത്തില്‍ കടന്നുവന്ന,
കരവലയത്തില്‍ പടര്‍ന്ന്‌കേറിയ ഒരു പൂവള്ളിപോലെ എന്നോട് ചങ്ങാത്തം കൂടിയ
ജമീര്‍ ഭായിയെയും
ശൈശവത്തില്‍
നഗ്‌നപാദനായ് ഓടിക്കളിമ്പോള്‍
പോത്തിറച്ചിയ്‌ക്കൊപ്പം പായസത്തിന്റെ മധുരം പകര്‍ന്ന എന്റെ നല്ല ഭുവമ്മയെയും എല്ലാവരെയും നീ ദേശദ്രോഹിയെന്ന്
വിളിയ്ക്കുമ്പോള്‍
നടുങ്ങിവിറച്ച്
നിദ്രയുടെ അവസാനിയ്ക്കാത്ത
അഗ്‌നിനാളങ്ങളുടെ
ചാരമായ് എനിയ്ക്ക് തുടരാനാവില്ല.
എടൊ,
മധ്യകാലത്തിലെ നിന്റെ ഗില്ലറ്റിലേയ്ക്ക്
എന്റെ കഴുത്ത് വച്ചുകൊള്‍ക
എന്തെന്നാല്‍ ഞാനൊരു രാജ്യദ്രോഹിയാണ്.

നിന്റെ നശിച്ച നിഘണ്ടുവില്‍ ഒരിക്കല്‍ എന്റെ പേര് രാക്ഷസനെന്നായിരുന്നു.
ഇപ്പോള്‍ നീയെന്നെ രാജ്യദ്രോഹിയെന്ന് വിളിയ്ക്കുന്നു.
എടൊ,
ഞാനിന്ന് ഒരു നാല്‍ക്കവലയില്‍
വിവസ്ത്രനും അമ്പരന്ന് നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയാണ്.
ഞാനീ ലോകത്തോട്
വിളിച്ചുപറയട്ടെ
ഞാനൊരു രാജ്യദ്രോഹി തന്നെയാണ്.
ദേശത്തിന്റെ മനുവാദത്തിന്റെ നട്ടെല്ലിലേയ്ക്ക് ഉന്നം പിടിച്ച ഒരു തോക്കാണ് ഞാന്‍.
മണ്ണിന്റെ മണമുള്ള
ഒരു തൂലിക.
ചെയ്തുകൊള്‍ക,
നീ എന്നെ എന്തുവേണമെങ്കിലും…

ഡി.ഉദയഭാനു  (ദളിത് സ്റ്റുഡന്‍സ് യൂണിയന്‍ ലീഡര്‍, തെലുങ്ക് കവി, ദളിത് ആക്റ്റിവിസ്റ്റ്.)

We use cookies to give you the best possible experience. Learn more