| Saturday, 24th January 2026, 8:07 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യാഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞു

രാഗേന്ദു. പി.ആര്‍

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിന് ഇടക്കാല സംരക്ഷണം. രാജസ്ഥാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്.

ദയാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി താരത്തിന്റെ അറസ്റ്റ് തടയുകയായിരുന്നു. ജസ്റ്റിസ് ഗണേഷ് റാം മീണയുടെ സിംഗിള്‍ ബെഞ്ചാണ് ഇടക്കാല സംരക്ഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കണമെന്ന ഉപാധിയോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്. ജനുവരി 30 വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ഒന്നിലധികം ലൈംഗിക ആരോപണ കേസുകളില്‍ നിയമനടപടി നേരിടുന്ന വ്യക്തിയാണ് യാഷ് ദയാല്‍. 2025 ജൂലൈയിലാണ് താരത്തിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടല്‍ വഴിയാണ് യുവതി പരാതി നല്‍കിയത്.

ഗാസിയാബാദിലെ ഇന്ദിരാപുരം പൊലീസാണ് യാഷ് ദയാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.എന്‍.എസ് സെക്ഷന്‍ 69 (വഞ്ചനാപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം) പ്രകാരമായിരുന്നു എഫ്.ഐ.ആര്‍.

യാഷ് ദയാല്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ മാനസികവും ശാരീരികവും ലൈംഗികവുമായും ചൂഷണം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനുപിന്നാലെ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു യുവതിയും പരാതിപ്പെട്ടു.

ആദ്യമായി ആക്രമിക്കപ്പെടുമ്പോള്‍ പരാതിക്കാരിക്ക് 17 വയസായിരുന്നു. ജയ്പൂരിലെയും കാണ്‍പൂരിലെയും ഹോട്ടലുകളില്‍ വെച്ച് തന്നെ രണ്ടര വര്‍ഷത്തോളം യാഷ് ദയാല്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

ഈ പരാതിയില്‍ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. ബി.എന്‍.എസ് സെഷന്‍ 64 പ്രകാരമായിരുന്നു കേസ്. കുറഞ്ഞത് 10 വര്‍ഷം വരെ തടവും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഈ കേസിലാണ് രാജസ്ഥാന്‍ ഹൈക്കോടതി യാഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

Content Highlight: POCSO case, Arrest of Yash Dayal stayed

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more