| Friday, 27th February 2026, 6:26 pm

യോഗിയുടെ വിമര്‍ശകനായ അവിമുക്തേശ്വരാനന്ദയ്‌ക്കെതിരായ പോക്‌സോ കേസ്; കെട്ടിച്ചമച്ചതെന്ന് പ്രതിപക്ഷം

അനിത സി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ജ്യോതിഷ് പീഠം തലവന്‍ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരായ പോക്‌സോ കേസ് കെട്ടച്ചമച്ചതെന്ന് പ്രതിപക്ഷം.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശകനായിരുന്ന അവിമുക്തേശ്വരാനന്ദയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പകപോക്കാനാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

എഫ്.ഐ.ആര്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് പറഞ്ഞു. കേസില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

ഈ കേസിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സംശയം ഉയരുന്നുണ്ട്. കേസ് നിയമപരമാണെങ്കില്‍ സത്യം ഉയര്‍ന്നുവരും. രാഷ്ട്രീയ പ്രേരണയോ ദുരുദ്ദേശമോ കേസിന് പിന്നിലുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും അജയ് റായ് കത്തില്‍ പറഞ്ഞിരുന്നു.

സമാജ്‌വാദി പാര്‍ട്ടി എം.പി വീരേന്ദ്ര സിങ് അവിമുക്തേശ്വരാനന്ദയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. തങ്ങളുടെ പാര്‍ട്ടി മാത്രമല്ല, കാശിയിലെ ഓരോരുത്തരും അദ്ദേഹത്തിനൊപ്പമാണെന്ന് വീരേന്ദ്ര സിങ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി അവിമുക്തേശ്വരാനന്ദയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്.

അവിമുക്തേശ്വരാനന്ദ പ്രായപൂര്‍ത്തിയാകാത്ത ശിഷ്യന്മാരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ശകുംഭരി പീഠാധിശ്വര്‍ അശുതോഷ് ബ്രഹ്‌മാചാരി മഹാരാജാണ് പൊലീസില്‍ പരാതി നല്‍കിയത്.

അവിമുക്തേശ്വരാനന്ദയുടെ ശിഷ്യന്മാരായ മുകുന്ദാനന്ദ ബ്രഹ്‌മാചാരി, അരവിന്ദ്, പ്രകാശ് ഉപാധ്യായ എന്നിവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

തുടര്‍ന്നാണ് പ്രയാഗ്‌രാജിലെ പ്രത്യേക പോക്‌സോ കോടതി പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ യു.പി പൊലീസിന് നിര്‍ദേശം നല്‍കിയത്. പിന്നാലെ, പൊലീസ് അവിമുക്തേശ്വരാനന്ദയ്‌ക്കെതിരെയും ശിഷ്യര്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും സനാതന ധര്‍മത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അവിമുക്തേശ്വരാനന്ദ പ്രതികരിച്ചിരുന്നു.

എഫ്.ഐ.ആറിനെ ചോദ്യം ചെയ്തുകൊണ്ട് മനുഷ്യാവകാശ സംഘടനയായ ഡി.കെ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് നല്‍കിയ പരാതിയില്‍ ദേശീയ മുഷ്യാവകാശ കമ്മീഷന്‍ ബുധനാഴ്ച കേസെടുത്തിരുന്നു. പൊലീസ് അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും ദുരുദ്ദേശപരമാണ് എഫ്.ഐ.ആറെന്നും ഫൗണ്ടേന്റെ പരാതിയില്‍ പറയുന്നു.

യോഗി ആദിത്യനാഥിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന മതനേതാവാണ് അവിമുക്തേശ്വരാനന്ദ. ഗോവധ നിരോധനം ഏര്‍പ്പെടുത്തിയ യോഗി സര്‍ക്കാരിനോട് എങ്കില്‍ ബീഫ് കയറ്റുമതിയും നിരോധിക്കണമെന്ന് അവിമുക്തേശ്വരാനന്ദ ആവശ്യപ്പെട്ടത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

അടുത്തിടെ യു.പിയില്‍ നടന്ന മാഘമേളയില്‍ പങ്കെടുക്കാന്‍ പല്ലക്കില്‍ പോകുകയായിരുന്ന അവിമുക്തേശ്വരാനന്ദയെ പൊലീസ് തടഞ്ഞിരുന്നു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രവേശനം നിഷേധിച്ചതെങ്കിലും മനപൂര്‍വം മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ ആരോപണം. സ്ഥലത്ത് വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ അദ്ദേഹം യോഗിയുമായി വാക്‌പോരിലും ഏര്‍പ്പെട്ടിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ യോഗി സന്യാസിമാരുടെ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: POCSO case against Yogi’s critic Sankaracharya Avimukteswarananda; Opposition says it is fabricated

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more