| Monday, 2nd July 2018, 12:09 pm

നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്; ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ എവിടെവെച്ചും അറസ്റ്റുണ്ടാകാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതിയായ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റര്‍പോളിന്റെ കീഴിലുള്ള അംഗരാജ്യങ്ങളില്‍ എവിടെവെച്ചും ഇനി നീരവ് മോദിയെ അറസ്റ്റ് ചെയ്യാം.

സി.ബി.ഐ നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു ഒരു മാസം മുന്‍പ് ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.


Also Read: ആലപ്പുഴയില്‍ എസ്.എഫ്.ഐ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം; എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു


ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളിലായ 190 രാജ്യങ്ങളിലെ സുരക്ഷാസേനകള്‍ക്ക് നീരവ് മോദിയെ അരറസ്റ്റ് ചെയ്യാന്‍ സാധിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തി എത്രയും വേഗം നീരവ് മോദിയെ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐ ലക്ഷ്യം വെക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,578 കോടി രൂപ വ്യാജരേഖകള്‍ ചമച്ചു തട്ടിയെടുത്തു മുങ്ങിയ കേസില്‍ നീരവ് മോദിക്കെതിരെയും കൂട്ടാളികള്‍ക്കെതിരെയുമാണ് ഇപ്പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

നീരവ് മോദിയുടെ സഹോദരന്‍ നിശാല്‍ മോദി, പ്രധാന സഹായിയായ സൂഭാഷ് പരഭ് എന്നിവര്‍ക്കെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചാബ് നാഷണല്‍ ബാങ്ക് പരാതിയുമായി സി.ബി.ഐയെ സമീപിക്കുന്നതിനു മുന്‍പു തന്നെ നീരവ് മോദി കുടുംബത്തോടൊപ്പം ജനുവരിയില്‍ രാജ്യം വിട്ടിരുന്നു. വജ്ര വ്യാപാരിയായിരുന്ന മോദി വ്യാജരേഖകള്‍ ചമച്ചായിരുന്നു ബാങ്കില്‍ നിന്നും കോടി കണക്കിന് രൂപ തട്ടിയെടുത്തത്.


Also Read: ഇന്ദിരയെ വിമര്‍ശിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ല; അടിയന്തരാവസ്ഥയുടെ പേരില്‍ അവരുടെ സംഭാവനകള്‍ വിസ്മരിക്കാനുമാവില്ല; മോദിക്കെതിരെ ശിവസേന


ഫെബ്രുവരി 15നു ഇന്റര്‍പോള്‍ വഴി മോദിക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്ന് ബ്രിട്ടണ്‍ ഇയാളുടെ വിമാനയാത്ര സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും ഇയാള്‍ എവിടെയാണ് ഒളിവില്‍ താമസിക്കുന്നതെന്ന് വ്യക്തമായിരുന്നില്ല.

തുടര്‍ന്നാണ് സി.ബി.ഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more