| Sunday, 21st October 2018, 12:53 pm

ഇങ്ങനെയൊരു ശബരിമല ഉണ്ടായിരുന്നു

പി.എന്‍. ഗോപീകൃഷ്ണന്‍

1980 കളില്‍, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, നിരവധി തവണ ശബരിമലയ്ക്ക് പോയിട്ടുണ്ട്. പോകാന്‍ ഇഷ്ടവുമായിരുന്നു. കാട് കണ്‍ നിറയെ കാണാം. പിതാമഹന്മാരെ / മഹികളെപ്പോലെ നില്‍ക്കുന്ന വന്മരങ്ങള്‍ പറയുന്നത് കേള്‍ക്കാം. എരുമേലിയില്‍ പച്ചില കെട്ടി, കുങ്കുമം വാരിപ്പൂശി ഡപ്പാംകുത്ത് കളിക്കാം. വാവരുടെ പള്ളിയില്‍ നിന്ന് കല്‍ക്കണ്ടം തിന്നാം. പമ്പയില്‍ അല്പം പുറകോട്ട് മാറിയുള്ള ത്രിവേണിയില്‍ കല്‍മടക്കുകളിലൂടെ തുള്ളിച്ചാടി വരുന്ന വെള്ളത്തിന്റെ ഉന്മാദം അനുഭവിച്ച് കിടക്കാം. കിതപ്പും കാറ്റും ഒന്നിച്ച് ശബ്ദിയ്ക്കുന്ന നീലിമലയില്‍ നിന്നും ഇരുന്നും പ്രപഞ്ചത്തെ അനുഭവിയ്ക്കാം. സന്നിധാനത്തിന് അല്പം അകലെ ഉരുക്കുഴി എന്ന വെള്ളച്ചാട്ടം ഉണ്ട്. അവിടേയ്ക്കുള്ള വഴിയില്‍ മുളങ്കൂട്ടങ്ങളില്‍ ചുരുണ്ട് കിടക്കുന്ന പാമ്പുകള്‍ തരുന്ന ഭീതിയും സൗന്ദര്യവും ഒന്നിച്ചനുഭവിയ്ക്കാം.

പതിനെട്ടു പടികള്‍ തേഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായിരുന്നു. കാലില്‍ തേങ്ങയടിയ്ക്കുമോ എന്ന് ഭയന്ന് വേണം കേറാന്‍. വളരെച്ചെറിയ അമ്പലത്തെ വലുതാക്കാനുള്ള കോണ്‍ക്രീറ്റ് പണികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മറ്റമ്പലങ്ങളില്‍ ഒന്നും കാണാത്ത കറുപ്പസ്വാമി, കടുത്ത സ്വാമി തുടങ്ങിയ ഭൃത്യദൈവങ്ങള്‍ ചുറ്റും ഉണ്ടായിരുന്നു. കഞ്ചാവും കറുപ്പു ലേഹ്യവുമാണ് അവര്‍ക്ക് പത്ഥ്യം എന്ന് ഞങ്ങളുടെ ഗുരുസ്വാമി പറഞ്ഞു തന്നു.

തമിഴ്, തെലുങ്ക് സംഘങ്ങളില്‍ യുവതികളും ഉണ്ടായിരുന്നു. അവര്‍ പമ്പയില്‍ കുളിയ്ക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ യുവ സ്വാമിമാര്‍ക്ക് ടെന്റിന് പുറത്തിറങ്ങി പമ്പയുടെ തീരത്തൂടെ ഉലാത്താന്‍ പ്രത്യേക താത്പര്യമായിരുന്നു

നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ കഥയൊന്നും അന്ന് കേട്ടില്ല. പക്ഷെ, ഭഗ്‌ന പ്രണയത്തിന്റെ കഥ മനസ്സില്‍ തറഞ്ഞിരുന്നു. ശബരിമലയിലെ നിത്യ സ്ത്രീ സാന്നിദ്ധ്യം ,മാളികപ്പുറത്തമ്മ കഥയില്‍ നിറഞ്ഞു നിന്നു. കേരളത്തിലെ ഒരു ക്ഷേത്രത്തിലുമില്ലാത്ത വിധം ആണ്‍ ,പെണ്‍ ദൈവങ്ങള്‍ അവിടെ തൊട്ട് തൊട്ട്. അയ്യപ്പനും മാളികപ്പുറത്തമ്മയും.

ശാസ്താവിന് ഭാര്യമാരുണ്ടെന്നറിഞ്ഞപ്പോള്‍ ,ഭാര്യമാര്‍ക്കൊപ്പമുള്ള ക്ഷേത്രമുണ്ടെന്നറിഞ്ഞപ്പോള്‍, പ്രയാര്‍ ഗോപാലകൃഷ്ണനും കൂട്ടരും 2016 ഒക്ടോബറില്‍ അമ്പലത്തിന്റെ പേര് മാറ്റി. നൈഷ്ഠിക ബ്രഹ്മചാരിയാക്കി. അതിന് മുമ്പ് ഇന്ത്യ കണ്ട ഏറ്റവും വലിയ കവര്‍ച്ചക്കാരില്‍ ഒരാളായ വിജയ് മല്യ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂര അയ്യപ്പസ്വാമിയ്ക്ക് നല്‍കി.

ഇപ്പോള്‍ ആ വിജയ് മല്യയുടെ ഔദാര്യത്തിന് കീഴെ, ശരണത്തെ അമ്ലത്തെറിയാക്കിയ ഒരു ആണ്‍ സൈന്യത്താല്‍ വളയപ്പെട്ട് കാടിന്റെ നേരും ചൂരുമുള്ള ആ ദൈവം ഇരിയ്ക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടത്തുന്ന നെറിയില്ലാത്ത യുദ്ധം കണ്ട് മാളികപ്പുറത്തമ്മയും. ക്രമസമാധാന പാലനം നടത്തുന്ന ഐ.ജി.യുടെ മതം നോക്കുന്ന, മല കയറി വന്ന യുവതിയുടെ ജാതി വിളിച്ച് പറയുന്ന സ്മാര്‍ത്തരെ നോക്കി വാവര് സ്വാമിയും.

അവരെ ഓര്‍ത്ത് എന്റെ കുട്ടിക്കാലം വേദനിയ്ക്കുന്നു.

പി.എന്‍. ഗോപീകൃഷ്ണന്‍

Latest Stories

We use cookies to give you the best possible experience. Learn more