| Saturday, 6th June 2026, 11:55 am

കേന്ദ്ര ഫണ്ടിനായി പി.എം ശ്രീ അനിവാര്യം; അന്തിമ തീരുമാനം സാമ്പത്തിക വശങ്ങള്‍ പരിശോധിച്ച് മാത്രമെന്ന് എന്‍. ഷംസുദ്ദീന്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നും, യു.ഡി.എഫില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.

സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്ന് ഓര്‍മിപ്പിച്ച മന്ത്രി, കഴിഞ്ഞ സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഒപ്പുവെക്കുകയും കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും ചെയ്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.

എന്നാല്‍ പിന്നീട് ഉയര്‍ന്നുവന്ന രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിച്ചത്. അതുകൊണ്ട് തന്നെ മുന്നണിയിലെ വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ ഇതിലൊരു അന്തിമ തീരുമാനം കൈക്കൊള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയിലെ കേന്ദ്ര നിബന്ധനകള്‍ സംസ്ഥാനത്തിന്റെ നയങ്ങളെ ബാധിക്കാതെ തന്നെ മറികടക്കാന്‍ സാധിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ എന്‍.സി.ഇ.ആര്‍.ടി (NCERT) പാഠപുസ്തകങ്ങള്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. നിലവിലെ എസ്.സി.ഈ.ആര്‍.ടി (SCERT) പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നത് തുടരാന്‍ സാധിക്കും. കേന്ദ്ര നിബന്ധനകളില്‍ പ്രത്യേക പാഠ്യപദ്ധതി നിര്‍ബന്ധമാക്കാത്തതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ നയത്തിലോ പാഠ്യപദ്ധതിയോ മാറ്റം വരുത്തേണ്ടി വരില്ല.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ട് ലഭ്യമാക്കണമെങ്കില്‍ പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടത് അത്യാവശ്യമാണ്. പദ്ധതി നടപ്പിലാക്കാതിരുന്നാല്‍ ഈ ഫണ്ട് ലഭിക്കില്ലെന്നും, ഇത് വിദ്യാഭ്യാസ വകുപ്പില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കണമെന്ന നിബന്ധന പി.എം ശ്രീ സ്‌കൂളുകളില്‍ പാലിക്കേണ്ടി വരും. എന്നാല്‍ ഇത്തരം നിബന്ധനകള്‍ വെറും ബോര്‍ഡുകളില്‍ മാത്രമായി പരിമിതമാണെന്നും, ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Highlight: PM Shri is essential for central funds; Final decision will be taken only after examining the financial aspects, says N. Samsuddin

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more