തിരുവനന്തപുരം: പി.എം. ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചതാണെന്ന് മാധ്യമങ്ങളോട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കമ്മ്യൂണിസ്റ്റുകാരെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.കെ ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിഷയം മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പി.എം. ശ്രീയുമായി ബന്ധപ്പെട്ട് സി.പി.ഐ പരാമര്‍ശങ്ങളെ ചൊല്ലി കഴിഞ്ഞദിവസമുണ്ടായ തര്‍ക്കങ്ങളും പരിഹരിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടിയെ നേരിട്ടുകണ്ട് മന്ത്രി ജി.ആര്‍. അനില്‍ ഖേദം പ്രകടിപ്പിച്ചു.
വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ജി.ആര്‍. അനില്‍ വിഷയം രമ്യമായി പരിഹരിച്ചത്.
മന്ത്രി അനില്‍ പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചിരുന്നെന്ന് വി. ശിവന്‍കുട്ടി വ്യാഴാഴ്ച പറഞ്ഞിരുന്നു. തന്റെ കോലം കത്തിച്ചുള്ള എ.ഐ.എസ്.എഫ്, എ.വൈ.എസ്.എഫ് സംഘടനകളുടെ പ്രതിഷേധങ്ങളും വേദനയുണ്ടാക്കിയെന്നും വാക്കുകളും പ്രവൃത്തികളും സൂക്ഷിച്ചായിരിക്കണമെന്നും അതിരുവിടരുതെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.
വീട്ടിലേക്ക് എ.ഐ.എസ്.എഫും, എ.വൈ.എസ്.എഫും പ്രതിഷേധ മാര്‍ച്ച് നടത്തുകയും മുദ്രാവാക്യം വിളിക്കുകയും കോലം കത്തിക്കുകയും ചെയ്തു.
ഇതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി നല്‍കി. ഇരുകൂട്ടര്‍ക്കും തെറ്റുപറ്റിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പിന്നാലെ തന്നെ താന്‍ ആരേയും അവഹേളിച്ചിട്ടില്ലെന്നും ശിവന്‍കുട്ടിയുമായി സംഘടനാ പ്രവര്‍ത്തനകാലം മുതലുള്ള അടുപ്പമാണെന്നും ജി.ആര്‍. അനിലും പ്രതികരിച്ചിരുന്നു. കൂടാതെ, എ.വൈ.എസ്.എഫും വിഷയത്തില്‍ ഖേദപ്രകടനവുമായി രംഗത്തെത്തി.
അതേസമയം, പി.എം. ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് കേന്ദ്രത്തിന് കൈമാറാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍.
പദ്ധതി സംസ്ഥാനത്ത് മരവിപ്പിക്കുകയാണെന്ന് അറിയിക്കുന്ന കത്തിന്റെ കരട് ചീഫ് സെക്രട്ടറി തയ്യാറാക്കി.
അതേസമയം, കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് അനുവദിക്കാനാകില്ലെന്നും പദ്ധതി മരവിപ്പിച്ചതായുള്ള തീരുമാനം അറിയിച്ചിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlight: PM SHRI controversy is over; Don’t try to divide communists: V. Sivankutty