| Thursday, 30th July 2026, 2:57 pm

സ്‌കൂളുകളെ തെരഞ്ഞെടുത്തില്ല; കേരളത്തില്‍ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ധാരണാ പത്രം ഒപ്പുവച്ചതല്ലാതെ പി.എം. ശ്രീ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയായിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എം.പി. ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പി.എം ശ്രീ പദ്ധതിക്കായി സ്‌കൂളുകളെ തെരഞ്ഞെടുക്കുന്ന നടപടിയില്‍ കേരളം പങ്കെടുത്തില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും ജയന്ത് ചൗധരി അറിയിച്ചു.

എസ്.എസ്.കെ പദ്ധതി പ്രകാാരം വിദ്യാഭ്യാസ അവകാശ വിഹിതമായി നല്‍കുന്ന 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് അനുവദിച്ചത്. പി എം ശ്രീക്കായി പ്രത്യേകം ഫണ്ടുകള്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2025 ഒക്ടോബറില്‍ 16നായിരുന്നു ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇതിനെതിരെ പ്രതിപക്ഷത്തില്‍ നിന്നും എല്‍.ഡി.എഫിനകത്ത് നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പിന്നീട് പദ്ധതി മരവിപ്പിച്ചതായി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പി.എം. ശ്രീ പദ്ധതിയില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവച്ചതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാതെ വഴിയില്ലെന്നാണ് നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. എല്‍.ഡി.എഫ് ഭരണകാലത്ത് പി.എം.ശ്രീയെ എതിര്‍ത്ത യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ അതിനെ അനുകൂലിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

പി.എം. ശ്രീ പദ്ധതിയുടെ പ്രാഥമിക ഘട്ടമാണ് ധാരണാ പത്രം ഒപ്പിടുന്നത്. ഇതിന് ശേഷമാണ് കഴിഞ്ഞ സര്‍ക്കാര്‍ നടപടി മരവിപ്പിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം സ്‌കൂളുകളെ തെരഞ്ഞെടുക്കലാണ്. ഈ ഘട്ടത്തിലേക്ക് കേരളം പോയിട്ടില്ല.

കേരളത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളൊന്നും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പി.എം ശ്രീ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. രാജ്യത്താകെ 13092 സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകള്‍ പി.എം ശ്രീയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വെബ്‌സൈറ്റിലെ വിരങ്ങള്‍ വ്യക്തമാക്കുന്നു.

Content Highlight: PM Shri Central Minister’s Response on Kerala Schools

We use cookies to give you the best possible experience. Learn more