അമൃത്സര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെയാണോ അതോ കഴിവില്ലാത്ത പരാജയപ്പെട്ട മന്ത്രിയേയാണോ പിന്തുണയ്ക്കുന്നതെന്ന് തീരുമാനിക്കണമെന്ന് കോക്രോച്ച് പാര്‍ട്ടി മേധാവി അഭിജിത് ദീപ്‌കെ.
പഞ്ചാബിലെ അമൃത്സറിലുള്ള ഗോള്‍ഡന്‍ ഗേറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന വന്‍ യുവജന-വിദ്യാര്‍ത്ഥി പ്രതിഷേധത്തിലായിരുന്നു ദീപ്‌കെയുടെ പരാമര്‍ശം.
‘ ജൂണ്‍ 20 ന് നാമെല്ലാവരും ദല്‍ഹിയില്‍ പോയി പ്രതിഷേധിക്കും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ അവിടെ തമ്പടിക്കും. ജയിലില്‍ പോകാന്‍ ഭയപ്പെടേണ്ട. യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ എന്നെ ജയിലില്‍ അടക്കുമെന്ന് ഞാനും കരുതിയിരുന്നു,’ ദീപ്‌കെ പറഞ്ഞു.
നീറ്റ്- സി.ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും പേപ്പര്‍ ചോര്‍ച്ച തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പഞ്ചാബിന്റെ പിന്തുണയില്ലാതെ രാജ്യത്ത് ഒരു പ്രതിഷേധവും വിജയിക്കില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം പഞ്ചാബില്‍ നിന്നാണ് ആരംഭിച്ചതെന്നും ദീപ്‌കെ പറഞ്ഞു.
ദല്‍ഹി, പൂനെ, ലഖ്നൗ തുടങ്ങിയ നഗരങ്ങള്‍ക്ക് ശേഷമാണ് അമൃത്സറില്‍ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. ഗോള്‍ഡന്‍ ഗേറ്റിന് സമീപം വന്‍ ജനപങ്കാളിത്തത്തോടെ നടന്ന ഈ സമരം, വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
Content Highlight: PM should clarify whether he is supporting students or failed minister: CJP