| Wednesday, 22nd July 2026, 6:55 pm

ധര്‍മേന്ദ്ര പ്രധാന്‍ പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രി; മോദി മാപ്പ് പറയണം; 152 ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകള്‍ 7.5 കോടി വിദ്യാര്‍ത്ഥികളെ ബാധിച്ചെന്ന് രാഹുല്‍

റെന്വര്‍ പി

ന്യൂദല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലും ഈ വിഷയത്തില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ജെ.പിയുടെ പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ തന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. പൊലീസ് അതിക്രമത്തെ രാഹുല്‍ ശക്തമായി അപലപിച്ചു.

‘ഇത് എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിക്കുന്നു എന്നത് ചോദ്യമാണ്. എന്താണ് അവര്‍ ശരിക്കും ചെയ്തത്,’ പൊലീസ് അതിക്രമത്തെക്കുറിച്ച് രാഹുല്‍ ചോദിച്ചു.

ആയിരക്കണക്കിന് പേര്‍. സുരക്ഷാ സേന അവര്‍ക്ക് നേര്‍ക്ക് ആയുധങ്ങള്‍ പ്രയോഗിച്ചു. അവര്‍ എന്താണ് ചെയ്തത്. അവര്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. അവര്‍ക്ക് ഈ രാജ്യത്തില്‍ നിന്ന് ലഭിക്കേണ്ടതിനെക്കുറിച്ചാണ് അവര്‍ ചോദിച്ചതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

‘അവര്‍ ആവശ്യപ്പെടുന്നത് നീതിപൂര്‍വമായ വിദ്യാഭ്യാസ സംവിധാനത്തിനാണ്. കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. അവര്‍ക്ക് ധാരാളം സമ്മര്‍ദത്തിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു.

അവസാനമാണ് അവരോട് ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന് പറഞ്ഞത്. ഇത് ഈ രാജ്യത്തെ ബാധിച്ച ആഴത്തിലുള്ള പ്രശ്‌നമാണ്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തില്‍ ക്രമക്കേടുകള്‍ വന്നെന്ന് ഇന്ന് എല്ലാവര്‍ക്കും വ്യക്തമാണ്,’ രാഹുല്‍ ചൂണ്ടിക്കാട്ടി.

ഒരു പതിറ്റാണ്ടിനിടെ 152 ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകള്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 152 ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളാണുണ്ടായത്. 7.5 കോടി വിദ്യാര്‍ത്ഥികളെയും കുടുംബത്തെയും ഇത് ബാധിച്ചു. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അവരെയാണ് ഇത് ബാധിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഒരാള്‍ക്കെതിരെ പോലും കുറ്റം ചുമത്തിയിട്ടില്ലെന്നതാണ് അതിലെ ശ്രദ്ധേയമായ കാര്യമെന്നും രാഹുല്‍ പറഞ്ഞു.

ഒരു കൂട്ടം ആളുകള്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കുകയാണ്. എന്നാല്‍ അവരെ ഒരാള്‍ക്കെതിരെയും സര്‍ക്കാര്‍ കുറ്റം ചുമത്തിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും മോദി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നുമുള്ള സി.ജെ.പിയുടെ ആവശ്യങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ആവര്‍ത്തിച്ചു. വിദ്യാര്‍ത്ഥികളെ ആക്രമിച്ച എല്ലാവരെക്കൊണ്ടും മറുപടി പറയിക്കണം എന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ധര്‍മേന്ദ്ര പ്രധാന്‍ പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രി

വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്ന്. ധര്‍മേന്ദ്ര പ്രധാന്‍ പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രിയാണ്. അയാള്‍ അഴിമതിക്കാരനാണെന്നാണ് അറിയപ്പെടുന്നത്. അയാളെ അയാളുടെ സ്ഥാനത്ത് നിന്ന് പുറത്താക്കണം. ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് അയാള്‍ക്കില്ല.

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് അവര്‍ അര്‍ഹിക്കുന്നതാണ്. പ്രവര്‍ത്തനക്ഷമായ വിദ്യാഭ്യാസ സംവിധാനം. തെരുവിലുള്ള വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും പൂര്‍ണമായി ഞങ്ങള്‍ അംഗീകരിക്കുന്നു. നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും രാഹുല്‍ പറഞ്ഞു.

പൊലീസുകാര്‍ പോലും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല

തന്നെ കസ്റ്റഡിയിലെടുത്തതിനുശേഷം അകമ്പടി സേവിച്ച ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യമായി പ്രതിഷേധത്തിന് പിന്തുണ പ്രകടിപ്പിച്ചതായി രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

‘ഇന്നലെ എന്നെ കൂട്ടിക്കൊണ്ടുപോയ പൊലീസുകാര്‍ ഈ സര്‍ക്കാരിനെ പുറത്താക്കണമെന്ന് എന്റെ ചെവിയില്‍ പറഞ്ഞു. ഒരാള്‍ ഹരിയാനയില്‍ നിന്നും മറ്റൊരാള്‍ രാജസ്ഥാനില്‍ നിന്നുമുള്ളവരായിരുന്നു. പോലീസുകാര്‍ പോലും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. അവര്‍ക്ക് അവരുടെ കുട്ടികളെയും ഇതില്‍ കാണാന്‍ കഴിയും,’ എന്ന് അദ്ദേഹം പറഞ്ഞു.

‘ഈ വിഷയങ്ങളില്‍ എവിടെയും എന്ത് പ്രതിഷേധം നടന്നാലും, കോണ്‍ഗ്രസും പ്രതിപക്ഷവും അതിനെ പിന്തുണയ്ക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷവും അവര്‍ക്കൊപ്പം വേണമെന്ന് തോന്നി

യുവാക്കള്‍ തെരുവിലിറങ്ങിയാല്‍ പ്രതിപക്ഷവും അവര്‍ക്കൊപ്പം വേണമെന്ന് തോന്നിയതിനാലാണ് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പ്രതിഷേധം നടത്തിയതെന്നും രാഹുല്‍ പറഞ്ഞു. ‘ഞങ്ങള്‍ ആദ്യം സ്പീക്കറെ സമീപിച്ച് വിഷയം ചര്‍ച്ചചെയ്യാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു ചര്‍ച്ചക്കും അനുമതി ലഭിച്ചില്ല. വിഷയം അവഗണിക്കപ്പെട്ടു,’ രാഹുല്‍ പറഞ്ഞു.

ധര്‍മ്മേന്ദ്ര പ്രധാനെ നീക്കം ചെയ്യണം. അദ്ദേഹം കഴിവില്ലാത്തവനും ആണ്. അയാള്‍ ഈ സ്ഥാനത്ത് നിന്ന് പോകണമെന്നും രാഹുല്‍ പറഞ്ഞു.

ഇന്നത്തെ അവസ്ഥ തുടരുകയാണെങ്കില്‍ രാജ്യത്തെ യുവാക്കള്‍ക്ക് ഒരു ഭാവിയും കാണുന്നില്ല.

‘ഒരു പരീക്ഷ പാസായി നിങ്ങള്‍ മുന്നോട്ട് പോയാല്‍ തൊഴിലവസരമില്ലെന്നാണ് നിങ്ങള്‍ കേള്‍ക്കുക. ഉല്‍പ്പാദനവും സംരംഭകത്വവും ഇല്ലാതിരിക്കും. ബാങ്കുകളില്‍ നിന്ന് ആര്‍ക്കാണ് പണം ലഭിക്കുന്നതെന്ന് നോക്കൂ. കോര്‍പ്പറേറ്റ് ജോലികള്‍ എ.ഐ കാരണം നശിക്കുകയാണ്. ഏക മാര്‍ഗം സര്‍ക്കാര്‍ ജോലികളാണ്. തുടര്‍ന്ന് അത് അവിശ്വസനീയമാംവിധം ചെലവേറിയതാക്കുന്നു. വിദ്യാര്‍ത്ഥികള്‍ പറയുന്നതിനോട് ഞങ്ങള്‍ 100% യോജിക്കുന്നു,’ രാഹുല്‍ പറഞ്ഞു.

Content Highlight: PM should apologise- Rahul Gandhi About Paper Leak and Protest

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more