പാട്ന: ബീഹാറിലെ പൂർണിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി സംസ്ഥാനത്ത് 100 കോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജ്വസി പ്രസാദ് യാദവ്.
ഇന്ന് (തിങ്കൾ) പൂർണിയയിൽ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെ പൊള്ളയായ വാഗ്ദാനങ്ങൾ പറയുന്നതിന് മുമ്പ് ഗ്രാമത്തിൽ തകർന്നു കിടക്കുന്ന റോഡുകളും അധ്യാപകരില്ലാത്ത സ്കൂളുകളും തകർന്നുവീഴുന്ന ആരോഗ്യകേന്ദ്രങ്ങളും ദയവായി ശ്രദ്ധിക്കണമെന്ന് തേജസ്വി എക്സിൽ കുറിച്ചു.
സ്ത്രീകളെയും യുവാക്കളെയും അലട്ടുന്ന പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ, കുടിയേറ്റം എന്നീ പൊതുപ്രശ്‌നങ്ങളും പൂർണിയയിലെ മെഡിക്കൽ കോളേജിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ചും തേജ്വസി കൂട്ടിച്ചേർത്തു.
ബീഹാറിൽ പ്രധാനമന്ത്രി ഇതുവരെ നടത്തിയ റാലികളിൽ ചെലവഴിച്ച തുകയുണ്ടെങ്കിൽ ബീഹാർ സ്കൂളുകളിലെ മതിലുകൾ, കളിസ്ഥലങ്ങൾ, സ്കൂളിലെ പെൺകുട്ടികൾക്കായുള്ള പ്രത്യേക ടോയ്ലറ്റുകൾ എന്നിവ നിർമിക്കാമായിരുന്നെന്നും ആരോഗ്യകേന്ദ്രങ്ങളിൽ മരുന്നുകളും മാനവ വിഭവശേഷിയും നവീകരിക്കാമായിരുന്നെന്നും തേജ്വസി യാദവ് പറഞ്ഞു.
അധ്യാപകരും പ്രാഥമികാരോഗ്യ പ്രവർത്തകരും ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർ അവരുടെ ജോലി ഉപേക്ഷിച്ച് പരിപാടിക്കായി ജനങ്ങളെ ചേർക്കാനായി നിർബന്ധിതരാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11 വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ഇതേ ജില്ലയിൽ നിന്ന് ബീഹാറിന് പ്രത്യേക വിഭാഗ പദവി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നത് ഓർക്കുന്നുണ്ടോയെന്നും ആ വാഗ്ദാനത്തിന് എന്തുസംഭവിച്ചെന്നും തേജ്വസി യാദവ് ചോദിച്ചു.
വീണ്ടും ബീഹാറിലെ ജനങ്ങൾക്ക് വ്യാജ വാഗ്‌ദാനങ്ങൾ നൽകാൻ വേണ്ടിയാണോ പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
പൂർണിയ വിമാനത്തവാളത്തിലെ ന്യൂ സിവിൽ എൻക്ലേവിൽ ദേശീയ മഖാന ബോർഡിന്റെ ഉദ്ഘാടനവും ഇടക്കാല ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കുക.
പൂർണിയയിൽ ഏകദേശം 36000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്കയും ചെയ്യും.
ഭഗൽപൂരിലെ പിർപൈന്തിയിൽ 25,000 കോടി രൂപയുടെ 3×800 മെഗാവാട്ട് താപവൈദ്യുത പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ബീഹാറിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ നിക്ഷേപമാണിത്.
2170 കോടി രൂപയിലധികം ചെലവ് വരുന്ന ബ്രികംശില മുതൽ കതാരിയ വരെയുള്ള റെയിൽ ലൈനിന്റെ തറക്കല്ലും ഇതിനോടൊപ്പം നിർവഹിക്കും.
Content Highlight: PM’s visit to Bihar will create a liability of Rs 100 crore: Tejashwi