ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ നേരിയ ഇടിവ് സംഭവിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നടന്ന ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍.
പ്രധാനമന്ത്രിയുടെ പ്രകടന റേറ്റിങ് 62 ശതമാനത്തില്‍ നിന്ന് 58 ശതമാനമായി കുറഞ്ഞുവെന്ന് സര്‍വേ പറയുന്നു. ഇത് ഫെബ്രുവരി 2025-നെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ കുറവാണ്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 34.2 ശതമാനം പേര്‍ മോദിയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ് എന്ന് വിലയിരുത്തിയപ്പോള്‍, 23.8 ശതമാനം പേര്‍ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍, ഫെബ്രുവരിയിലെ സര്‍വേയില്‍ അതിശയിപ്പിക്കുന്നതാണ് എന്ന് പറഞ്ഞവരുടെ എണ്ണം 36.1 ശതമാനമായിരുന്നു, ഇത് ഇപ്പോഴുണ്ടായ കുറവാണ് കാണിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രകടനം ശരാശരി എന്ന് 12.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം, 12.6 ശതമാനം പേര്‍ മോശമെന്നും 13.8 ശതമാനം പേര്‍ വളരെ മോശമെന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ വിലയിരുത്തി.
സര്‍വേ പ്രകാരം എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായതായാണ് കണ്ടെത്തല്‍. ഫെബ്രുവരിയില്‍ 62.1 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയപ്പോള്‍, ഇപ്പോള്‍ അത് 52.4 ശതമാനമായി കുറഞ്ഞു. 15.3 ശതമാനം പേര്‍ക്ക് സര്‍ക്കാരിനെക്കുറിച്ച് പ്രത്യേക അഭിപ്രായങ്ങളില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ജനങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍, തൊഴിലില്ലായ്മ, വര്‍ഗീയ കലാപങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭീതി, പണപ്പെരുപ്പം തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ജനപ്രീതി കുറയാന്‍ പ്രധാന കാരണങ്ങളായി സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍, അടിസ്ഥാനസൗകര്യ വികസന മേഖലയിലെ നേട്ടങ്ങള്‍ എന്നിവ സര്‍ക്കാരിന് അനുകൂലമായ ഘടകങ്ങളാകുമെന്നും സര്‍വേ പറയുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍.ഡി.എയുടെ വോട്ട് വിഹിതം 47 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ വോട്ട് വിഹിതം 39 ശതമാനത്തില്‍ നിന്ന് 44 ശതമാനമായി വര്‍ധിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 14 വരെ രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമായി 54,788 വ്യക്തികളില്‍ നിന്നുള്ള വിവരങ്ങളും സി വോട്ടറിന്റെ പതിവ് ട്രാക്കര്‍ ഡാറ്റയിലെ 1,52,038 അഭിമുഖങ്ങളും ഉള്‍പ്പെടെ ആകെ 2,06,826 പേരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Content Highlight: PM’s popularity and NDA government’s performance have declined- Survey report