| Thursday, 18th January 2018, 8:06 am

'പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാം'; തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് ദല്‍ഹിയിലെ ബോസിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് തൊഗാഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെ മോദിയെ പരോക്ഷമായി വിമര്‍ശിച്ച് വീണ്ടും പ്രവീണ്‍ തൊഗാഡിയ. ദല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് തൊഗാഡിയ പറഞ്ഞു.

ഇന്നലെ ആശുപത്രി വിട്ട തൊഗാഡിയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോദിയേയും ജെ.കെ ഭട്ടിനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്.

“പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാം. കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം.”

രാജസ്ഥാന്‍-ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം കള്ളമാണെന്ന് തെളിയിക്കാന്‍ ജെ.കെ. ഭട്ട് ബുധനാഴ്ച പത്രസമ്മേളനം വിളിച്ചിരുന്നു. ഇതാണ് വി.എച്ച്.പി. നേതാവിനെ പ്രകോപിപ്പിച്ചത്.

“”ചില വീഡിയോ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് തനിക്കെതിരേ തെളിവാക്കി പ്രചരിപ്പിക്കുകയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. ഇത് ക്രൈംബ്രാഞ്ചല്ല, കോണ്‍സ്പിരസി (ഗൂഢാലോചന) ബ്രാഞ്ചാണ്. ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.””

തനിക്കെതിരായ കേസ് 2015-ല്‍ പിന്‍വലിച്ചിട്ടും രാജസ്ഥാനില്‍ നിന്ന് പൊലീസ് എത്തണമെങ്കില്‍ ഉന്നത ഗൂഢാലോചന ഉറപ്പാണെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. മോദിയുടെ എതിര്‍പ്പുമൂലം പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജയ് ജോഷിയുടെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ജോഷിയുടെ വ്യാജ ലൈംഗിക സി.ഡി.കള്‍ 2015-ല്‍ ആരുടെ നിര്‍ദേശപ്രകാരമാണ് തയ്യാറാക്കിയതെന്ന് ഞാന്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തും. രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഈ പ്രശ്നങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more