ന്യൂദല്‍ഹി: അമിത താരിഫ് ചുമത്തിയതിനെ ചൊല്ലി ഇന്ത്യ-യു.എസ് ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സംസാരിക്കാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ട്രംപ് നാല് തവണയോളം ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി മോദി സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് ജര്‍മന്‍ മാധ്യമമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമെയ്ന്‍ സായ്റ്റുങ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് പ്രധാനമന്ത്രിയുടെ രോഷത്തെ സൂചിപ്പിക്കുന്നതാണെന്നും ഒപ്പം അദ്ദേഹത്തിന്റെ ജാഗ്രത കൂടിയാണ് എടുത്തുകാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളിലായി പലതവണയാണ് ട്രംപ് ഫോണില്‍ വിളിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.
യു.എസിന്റെ സമ്മര്‍ദത്തിന് മുന്നില്‍ തലകുനിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്നും ചൈനയുമായും യു.എസുമായും ഒരേ രീതിയില്‍ വാണിജ്യ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യയുടെ ശ്രമങ്ങളെന്നും ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മോദി യു.എസ് പ്രസിഡന്റിന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചെന്ന് ജപ്പാനീസ് മാധ്യമമായ നിക്കെയ് ഏഷ്യയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോദിയുടെ പ്രവൃത്തി നിലവിലെ സാഹചര്യം കൂടുതല്‍ വഷളാകാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാകാമെന്നും മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, വാഷിങ്ടണിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മോദി കോളുകള്‍ അവഗണിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഫോണിലൂടെ വിലപേശുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ രീതിയല്ലെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പ്രതികരിച്ചത്.
മോദിയും ട്രംപും ഫോണിലൂടെ അവസാനമായി സംസാരിച്ചത് ജൂണ്‍ 17നായിരുന്നു. പഹല്‍ഗാം ആക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ആണ് അന്ന് ചര്‍ച്ചയ്ക്ക് വിഷയമായതെന്നും 35 മിനിറ്റോളും ഇരുവരും സംസാരിച്ചെന്നും അന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇന്ത്യയേയും പാകിസ്താനേയും ആണവയുദ്ധത്തില്‍ നിന്നും താനാണ് നിരവധി തവണ പിന്തിരിപ്പിച്ചതെന്ന ട്രംപിന്റെ അവകാശവാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതും യു.എസ് ഇടപെടല്‍ കാരണമായിരുന്നു എന്നാണ് ട്രംപ് അവകാശപ്പെട്ടത്.
ജൂണില്‍ കാനഡയില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ചയ്ക്കുള്ള ട്രംപിന്റെ ക്ഷണവും മോദി നിരസിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങാത്ത സാഹചര്യത്തില്‍ ട്രംപ് അന്ന് നേരത്തെ മടങ്ങുകയും ചെയ്തു.
Content Highlight: PM Narendra Modi avoided Donald Trump’s phone calls