| Wednesday, 7th February 2018, 12:30 pm

നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്കേറ്റു. യശോദ ബെന്നിനെ ചിറ്റഗോര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

അപകടത്തില്‍ യശോധാ ബെന്നിന്നൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. കോട്ട-ചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം. കോട്ടയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ ബെന്നും സംഘവും.

നാലര പതിറ്റാണ്ട് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യശോദ ബെന്നിന്റെ സമുദായാചാരപ്രകാരമുള്ള വിവാഹം നടന്നത്.

മോദിയുടെ ജന്മസ്ഥലമായ വദന്‍നഗറില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മണ്‍വാദയിലെ സ്‌കൂള്‍ അധ്യാപിക ആയിരുന്നു യശോദ ബെന്‍. അടുത്തിടെയാണ് ഇവര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വഡോദരയില്‍ നാമനിര്‍ദേശത്തോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് താന്‍ വിവാഹിതനാണെന്ന് മോദി വ്യക്തമാക്കിയത്.

അതിന് മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദ്ദേശക പട്ടികയില്‍ വിവാഹിതനാണോയെന്ന കോളം നരേന്ദ്ര മോദി പൂരിപ്പിച്ചിരുന്നില്ല. സഹോദരന്‍ അശോക് മോദിയോടൊപ്പം മെഹ്‌സാന ജില്ലയിലെ ഉന്‍ജായിലാണ് യശോദാ ബെന്‍ താമസിക്കുന്നത്.

We use cookies to give you the best possible experience. Learn more