| Saturday, 7th February 2026, 11:44 am

'മഹത്തായ രണ്ട് രാജ്യങ്ങള്‍' തീരുവ ഒഴിവാക്കിയ നടപടിയില്‍ ട്രംപിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കിയ യു.എസ് നടപടിയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയും ഇന്ത്യയും മഹത്തായ രണ്ട് രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ ഒഴിവാക്കിയ നടപടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

യു.എസുമായുള്ള കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിശ്വാസത്തെയും ചലനാത്മകതയെയും പ്രതിഫലിപ്പിക്കുന്നു. ഈ കരാര്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കഠിനാധ്വാനികളായ മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, സംരംഭകര്‍ എന്നിവര്‍ക്ക് ഈ കരാറിലൂടെ പുതിയ അവസരങ്ങള്‍ തുറക്കപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കരാര്‍ ആഗോള വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കുക. ഇതോടെ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനായി സംഭാവന നല്‍കുന്ന ആഗോള പങ്കാളികളുമായി കൈകോര്‍ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്രംപ് തീരുവ ഒഴിവാക്കിയതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള താരിഫ് 18 ശതമാനമായി കുറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, തെരഞ്ഞെടുക്കപ്പെട്ട യന്ത്ര സാമഗ്രികള്‍ തുടങ്ങിയവയ്ക്കാണ് ഈ 18 ശതമാനം തീരുവ ബാധകമാകുക.

കരാര്‍ പ്രകാരം, അഞ്ച് വര്‍ഷത്തിനിടെ 50,000 കോടി ഡോളറിന്റെ യു.എസ് ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങും.

അതേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് യു.എസ് ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയത്. നിലവില്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അവകാശപ്പെട്ടാണ് ട്രംപ് തീരുവ ഒഴിവാക്കിയിരിക്കുന്നത്.

എന്നാല്‍ ട്രംപിന്റെ അവകാശവാദത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. വിദേശകാര്യ മന്ത്രാലയവും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.

Content Highlight: PM Modi thanks Trump for tariff waiver

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more