| Saturday, 2nd September 2017, 7:31 am

'മോദിയ്ക്ക് ചോദ്യങ്ങളെ ഭയമാണ്; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ എന്നോട് പൊട്ടിത്തെറിച്ചു' മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചോദ്യം ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമല്ലെന്ന് ബി.ജെ.പി എം.പി നാന പടോള്‍. ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ചും ഒ.ബി.സി മന്ത്രാലയത്തെക്കുറിച്ചും ചോദ്യമുയര്‍ത്തിയപ്പോള്‍ മോദി തന്നോട് രോഷാകുലനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“മോദിയ്ക്ക് ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഇഷ്ടമല്ല. ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ചും ഒ.ബി.സി മന്ത്രാലയത്തെക്കുറിച്ചും ചില പ്രശ്‌നങ്ങള്‍ ഞാനുയര്‍ത്തിയപ്പോള്‍ അദ്ദേഹം എന്നോട് രോഷാകുലനായി. മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം നമ്മളോട് ചോദിക്കുകയാണ് ചെയ്യുക” നാഗ്പൂരില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള യോഗത്തില്‍ അദ്ദഹം പറഞ്ഞു.


Also Read:‘തള്ളുമായി മോദിപ്പട’; നോട്ടു നിരോധനം വിജയമായിരുന്നെന്ന ഷാഷ്ടാഗുമായി ട്വിറ്ററില്‍ കേന്ദ്ര മന്ത്രിമാര്‍


“ഹരിത നികുതി ഉയര്‍ത്തുക, ഒ.ബി.സി മന്ത്രാലയം, കാര്‍ഷിക രംഗത്ത് കൂടുതല്‍ നിക്ഷേപം തുടങ്ങിയ ചില നിര്‍ദേശങ്ങള്‍ ഞാന്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷെ മോദി ക്രുദ്ധനാവുകയും എന്നോട് മിണ്ടരുത് എന്ന് പറയുകയും ചെയ്തു.” അദ്ദേഹം കുറ്റപ്പെടുത്തുന്നു.

“മോദി പാര്‍ട്ടി എം.പിമാരെ ഇടയ്ക്കിടെ കാണും. പക്ഷേ അദ്ദേഹത്തിന് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇഷ്ടമല്ല” അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫദ്‌നവിസിന്റെ നിലപാടുകളെയും പാടോള്‍ കുറ്റപ്പെടുത്തി. “കേന്ദ്ര ഫണ്ട് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള കഴിവ് മുഖ്യമന്ത്രിക്കില്ല. രാജ്യ ഖജനാവിന് ഏറ്റവുമധികം തുക ലഭിക്കുന്നത് മുംബൈയില്‍ നിന്നാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് ചെറിയ സഹായമേ നല്‍കുന്നുള്ളൂ. പാര്‍ലമെന്റ് സെഷന്‍ തുടങ്ങുന്നതിനു മുമ്പ് പാര്‍ട്ടി എം.പിമാരുടെ യോഗം ചേരുന്നത് മുഖ്യമന്ത്രി അവസാനിപ്പിച്ചിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

“എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും ഭയമാണ്. അതുകൊണ്ട് എനിക്ക് മന്ത്രിയായി തുടരാനുള്ള താല്‍പര്യമില്ല. ഹിറ്റ്‌ലിസ്റ്റില്‍ വൈകിയെത്തിയ ആളാണ് ഞാന്‍ പക്ഷെ എനിക്ക് ആരെയും ഒരു ഭയവുമില്ല.” അദ്ദേഹം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more