ന്യൂദല്‍ഹി: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ മിഡില്‍ ഈസ്റ്റ് രൂക്ഷമായ സംഘര്‍ഷം നേരിടുന്ന സാഹചര്യത്തിലാണ് ടെലിഫോണ്‍ സംഭാഷണം.
സമീപകാല സംഭവവികാസങ്ങളെകുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ നെതന്യാഹുവിനെ അറിയിച്ചതായി നരേന്ദ്ര മോദി പറഞ്ഞു.
‘പ്രാദേശിക സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ഒരു ടെലിഫോണ്‍ സംഭാഷണം നടത്തി.
സമീപകാല സംഭവ വികാസങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ അറിയിക്കുകയും സാധാരണക്കാരുടെ സുരക്ഷ ഒരു മുന്‍ഗണനയായി ഊന്നിപ്പറയുകയും ചെയ്തു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു,’ മോദി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
ഇറാനിലെ ഇസ്രഈല്‍-യു.എസ് സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രാദേശിക ആക്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
യു.എ.ഇയിലെ ഇറാന്‍ ആക്രമണത്തെ അപലപിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണിത്.
ഇന്ത്യന്‍ സമൂഹത്തിന് സുരക്ഷയേര്‍പ്പെടുത്തിയതിന് യു.എ.ഇയ്ക്ക് നന്ദിയറിയിക്കുകയും സംഘര്‍ഷം ലഘൂകരിക്കല്‍, പ്രദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ ഇന്ത്യ എല്ലായ്‌പ്പോഴും പിന്തുണക്കുമെന്നും മോദി പറഞ്ഞു.
‘യു.എ.ഇ പ്രസിഡന്റ്, എന്റെ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ചു.
യു.എ.ഇയിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഈ അക്രമങ്ങളില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യു.എ.ഇയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ മോദി പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശനിയാഴ്ച ഇസ്രഈല്‍, ഇറാന്‍ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിന് സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം ആവര്‍ത്തിച്ചു.
യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ പ്രധാന പ്രാദേശിക പ്രതിനിധികളുമായും ജയ്ശങ്കര്‍ സംസാരിച്ചിരുന്നു. മേഖലയിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി യു.എ.ഇയിലൂടനീളമുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒരു ഇന്ത്യന്‍ പൗരനുള്‍പ്പെടെ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ ഇന്ത്യക്കാരന്റെ വിവരങ്ങള്‍ക്കായി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Content Highlight: PM conveys India’s concerns over recent developments to Netanyahu; holds telephonic conversation